ഇടിവെട്ട് കപ്പ്

Sunday 09 November 2025 4:04 AM IST

ബ്രിസ്‌ബേൺ: ഗാബ വേദിയാകേണ്ട അഞ്ചാം മത്സരം മഴയും ഇടിമിന്നലും മൂലം ഇടയ്‌ക്ക് ഉപേക്ഷിക്കേണ്ടി വന്നതോടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പരയിലെ തോൽവിക്ക് ട്വന്റി-20 പരമ്പര നേട്ടത്തോടെ ഓസീസിന് മറപടി നൽകാനും ഇന്ത്യയ്‌ക്കായി. കാൻബറയിൽ നിശ്ചയിച്ചിരുന്ന ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. എം.സി.ജി വേദിയായ രണ്ടാം മത്സരത്തിൽ ജയം നേടി ഓസീസ് മുന്നിലെത്തി. എന്നാൽ മൂന്നും നാലും മത്സരങ്ങളിൽ ജയിച്ച് ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തുകയായിരുന്നു. ഇന്നലെ മത്സരം നടക്കുകയും ജയിക്കുകയും ചെയ്തിരുന്നെങ്കിൽ ഓസീസിന് പരമ്പര സമനിലയാക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ മഴയിൽ ഓസീസിന്റെ അവസാന സാധ്യതയും ഒഴുകിപ്പോയി.

ഇടിവെട്ട് തുടക്കം

ഗാബയിൽ ഇന്നലെ 4.5 ഓവർ മാത്രമാണ് മത്സരം നടന്നത്. തുടർന്ന് കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 52/0 എന്ന നിലയിലായിരുന്നു മത്സം നിറുത്തുമ്പോൾ. 16 പന്തിൽ നിന്ന് 6 ഫോറുൾപ്പെടെ 29 റൺസുമായി ഗില്ലും 13 പന്തിൽ ഒന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 23 റൺസുമായി അടിച്ച് തകർത്ത് ബാറ്റ് ചെയ്യുമ്പോഴാണ് മഴ രസം കൊല്ലിയായി എത്തിയത്. ഫോം കണ്ടെത്തിയ ഗില്ലും അഭിഷേകിനൊപ്പം ഇന്നലെ തുടക്കത്തിലേ അടി തുടങ്ങിയിരുന്നു. മൂന്നാം ഓവറിൽ തുടർച്ചായി നാല് ഫോറുകളാണ് ഗിൽ നേടിയത്. ഇന്ത്യ ഇന്നലെ തിലക് വർമ്മയ്‌ക്ക് പകരം റിങ്കു സിംഗുമായാണ് കളിക്കാനിറങ്ങിയത്. ഓസീസ് ടീമിൽ മാറ്റമുണ്ടായിരുന്നില്ല.

ഇനി

ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലാണ് കളിക്കുക. ഒന്നാം ടെസ്റ്റ് ഈ മാസം 14ന് തുടങ്ങും. ഓസ്ട്രേലിയ ഇനി ചിരവൈരികളായ ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയ്ക്കാണ് ഇറങ്ങുക. 21ന് പെർത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം.

അഭിഷേകാണ് താരം

163- ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടെ 5 മത്സരങ്ങളിൽ നിന്ന് 163 റൺസ് നേടി പരമ്പരയിലെ ടോപ് സ്കോററായ അഭിഷേ് ശർമ്മയാണ് പ്ലെയർ ഓഫ് ദി സീരിസ്. 68 ആണ് പരമ്പരയിലെ താരത്തിന്റെ ഉയർന്ന സ്കോർ.

1- ഇന്നലത്തെ ഇന്നിംഗ്‌സിനിടെ അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കുറഞ്ഞ പന്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കാഡും അഭിഷേക് സ്വന്തമാക്കി. 528 പന്തിലാണ് അഭിഷേക് 1000 റൺസ് തികച്ചത്. ഇന്ത്യൻ ക്യാപ്‌ടൻ സൂര്യകുമാർ യാദവിന്റെ (573 പന്ത്) പേരിലുണ്ടായിരുന്ന റെക്കാഡാണ് അഭിഷേക് തന്റെ പേരിലാക്കിയത്.

2- ട്വന്റി-20യിൽ ഏറ്റവും കുറവ് ഇന്നിംഗ്‌സുകളിൽ 1000 റൺസ് തികച്ച ഇന്ത്യന താരങ്ങളിൽ വിരാട് കൊഹ്‌ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി അഭിഷേക്. കൊഹ്‌ലി 27 ഇന്നിംഗ്‌സുകളിൽ നിന്നും അഭിഷേക് 28 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് 1000 റൺസിലെത്തിയത്.