'അന്ന് കേരളം വിട്ടു, അവതാരകയാകുന്നതിന് മുൻപ് കിട്ടിയ ശമ്പളം'; ആദ്യജോലിയെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Sunday 09 November 2025 1:35 PM IST

ടെലിവിഷൻ അവതാരക രംഗത്തെ ശ്രദ്ധേയമായ മുഖങ്ങളിലൊന്നാണ് രഞ്ജിനി ഹരിദാസിന്റേത്. പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗറെന്ന പരിപാടിയിലൂടെയാണ് രഞ്ജിനി ഹരിദാസിനെ മലയാളികൾ കൂടുതലും ശ്രദ്ധിച്ച് തുടങ്ങിയത്. 2000ൽ മിസ് കേരളയായി തിരഞ്ഞെടുത്തതിനുശേഷമാണ് രഞ്ജിനി ഹരിദാസ് കൂടുതലും അവതാരയായി പരിപാടികളിൽ സജീവമായത്. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

'ടെലിവിഷൻ പരിപാടികൾ ചെയ്ത് തുടങ്ങിയപ്പോൾ എന്റെ മലയാളം മോശമായിരുന്നു. ആ സമയത്ത് ഞാൻ മലയാളത്തിലായിരുന്നില്ല സംസാരിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ഞാൻ നന്നായി മലയാളം പറയുന്നുണ്ട്. ചെറിയ പ്രായത്തിൽ കേരളത്തിൽ നിൽക്കണ്ട, സമൂഹം കൂളല്ല, അവർക്കെന്നെ മനസിലാകുന്നില്ലയെന്നുപറഞ്ഞ് നാടുവിട്ടയാളാണ് ഞാൻ.

അവതാരകയാകുന്നതിന് മുൻപ് ഞാൻ ബംഗളൂരുവിലെ ഒരു കോൾ സെന്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് എനിക്ക് 12,000 രൂപയായിരുന്നു ശമ്പളം. ആ സമയത്തും ഞാൻ ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ നടക്കുന്ന ഫാഷൻ പരിപാടികൾക്ക് ആങ്കറിംഗ് ചെയ്യാനായി വരുമായിരുന്നു. അന്ന് തുച്ഛമായ പ്രതിഫലമായിരുന്നു ലഭിച്ചിരുന്നത്. ഞാൻ പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ നിന്ന് വഴക്കിട്ടാണ് ബംഗളൂരുവിലേക്ക് പോയത്. അവിടെ എത്തി സ്വന്തമായാണ് ജോലി കണ്ടെത്തിയത്. ആ സമയത്തുതന്നെയാണ് എന്നെ മിസ് കേരളയായി തിരഞ്ഞെടുത്തത്. എന്റെ സൗന്ദര്യം കണ്ടല്ല അവർ എന്നെ തിരഞ്ഞെടുത്തത്. ആ വേദിയിലെ ഞാൻ നന്നായി സംസാരിച്ചതുകൊണ്ടാണ് മിസ് കേരളയായത്. അങ്ങനെയാണ് എന്റെ ആത്മവിശ്വാസം വർദ്ധിച്ചത്.

സിനിമയിലും മോഡലിംഗ് രംഗത്തും മാത്രമല്ല അഡ്ജസ്​റ്റ്‌മെന്റുകൾ നടക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീകളെ തെ​റ്റായ ഉദ്ദേശത്തോടുകൂടി സമീപിക്കുന്നവരുണ്ട്. എന്റെ കാഴ്ചപ്പാടനുസരിച്ച് സ്ത്രീകൾ ശക്തമായ രീതിയിൽ നോ എന്നുപറഞ്ഞാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഇതെല്ലാം ഓരോരുത്തരുടെയും താൽപര്യങ്ങൾ മാത്രമാണ്. ഇന്നത്തെക്കാലത്ത് ഒരു സ്ത്രീ ഫെമിനിസ്​റ്റാണെന്ന് പറഞ്ഞാൽ മ​റ്റുളളവർ ചീത്ത വിളിക്കും. ഞാനൊരു ഫെമിനിസ്​റ്റാണ്. എന്താണ് ഫെമിനിസമെന്ന് അറിയാത്തവരാണ്. ഫെമിനിസ്​റ്റാണെന്ന് പറയുന്നത് അപമാനമായി കാണേണ്ട ആവശ്യമില്ല. മ​റ്റുളളവർ മോശം പറയുമ്പോൾ ഫെമിനിസ്​റ്റുകൾ അഭിമാനിക്കുകയാണ് ചെയ്യുന്നത്'- രഞ്ജിനി ഹരിദാസ് പറഞ്ഞു.