പ്രസവശേഷം യുവതി അണുബാധയേറ്റ് മരിച്ചു; തിരുവനന്തപുരം  എസ്‌എടി   ആശുപത്രിക്കെതിരെ പരാതി

Sunday 09 November 2025 1:53 PM IST

തിരുവനന്തപുരം: പ്രസവശേഷം യുവതി അണുബാധമൂലം മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ പരാതി. പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയൽ അണുബാധയെ തുടർന്നാണ് മരിച്ചതെന്നും അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കരിക്കകം സ്വദേശിയായ ശിവപ്രിയയാണ് മരിച്ചത്. കഴിഞ്ഞമാസം 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26ന് പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നിലവഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഡിസ്ചാ‌ർജ് സമയത്ത് യുവതിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.