ഓൺലൈൻ വഴി ക്രീം വാങ്ങി ഉപയോഗിച്ചു; യുവതിയുടെ ശരീരത്തിൽ പാമ്പിന്റേതുപോലെ പാടുകൾ വന്നതായി റിപ്പോർട്ട്
ബീജിംഗ്: ഓൺലൈനിലൂടെ ക്രീം വാങ്ങി ഉപയോഗിച്ച യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്. 'ചൈനീസ് പരമ്പരാഗത മരുന്ന്' എന്ന അവകാശവാദവുമായി ഓൺലൈനിൽ വിൽക്കുന്ന സ്‌കിൻ ക്രീം ആണ് വിനയായി മാറിയത്. തുടർച്ചയായി പത്തുവർഷമായി ഈ ക്രീം ഉപയോഗിക്കുകയായിരുന്നു 40കാരി. ഇവരുടെ ശരീരത്തിലിപ്പോൾ പാമ്പിന്റെ ചർമ്മത്തിന് സമാനമായ വരകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തുടർന്ന് ഇവരെ ചൈനയിലെ നാൻജിംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്തുവർഷം മുൻപ് വലത് കാലിൽ ചുവന്ന പാടുകളും ചൊറിച്ചിലും ഉണ്ടായതിനെത്തുടർന്നാണ് യുവതി ഓൺലൈനിലൂടെ ക്രീം വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയത്. പത്തുവർഷത്തോളം ഈ ക്രീമിനായി ഏകദേശം 10,500 പൗണ്ട് (12 ലക്ഷത്തോളം രൂപ) ചെലവഴിക്കുകയും ചെയ്തു. ആദ്യ ഉപയോഗത്തിൽ ചൊറിച്ചിലും പാടുകളും നന്നായി കുറഞ്ഞുവെന്നും അതിനാലാണ് ഉപയോഗം തുടർന്നതെന്നും യുവതി പറഞ്ഞു. ശരീരമാകെ ചുവന്ന പാടുകൾ ഉണ്ടായതിന് പുറമെ അവയവങ്ങളിൽ വീക്കമുണ്ടാവുകയും ഛർദ്ദിൽ, കൈകാലുകളിൽ മരവിപ്പ് എന്നിവ അനുഭവപ്പെട്ടതായും യുവതി വെളിപ്പെടുത്തി.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. യുവതിക്ക് സെക്കൻഡറി അഡ്രിനോകോർട്ടിക്കൽ ഇൻസഫിഷ്യൻസി എന്ന അവസ്ഥയാണെന്നാണ് ആശുപത്രിയിലെ ചീഫ് ഡെർമറ്റോളജിസ്റ്റ് ഡോ. വാംഗ് ഫെയി സ്ഥിരികരീച്ചത്. പിറ്റ്യൂട്ടറി ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ പുറത്തുവിടാത്തതിനാലുണ്ടാകുന്ന അവസ്ഥയാണിത്. യുവതി ചികിത്സയിൽ തുടരുകയാണ്. ഇവരുടെ അവസ്ഥ മെച്ചപ്പെടുന്നതായി ഡോക്‌ടർമാർ അറിയിച്ചു.