'അവസാനമായി വിളിച്ചത് വെള്ളിയാഴ്ച, ഫീസ് അടയ്ക്കാൻ 31,000 വേണമെന്ന് പറഞ്ഞു'; വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ

Sunday 09 November 2025 3:04 PM IST

കോതമംഗലം: കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദനയാണ് (19) മരിച്ചത്. മാങ്കുളം സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. അവധിയായതിനാൽ മറ്റ് കുട്ടികൾ വീട്ടിലേക്ക് പോയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ അടുത്ത മുറിയിലെ സുഹൃത്ത് വാതിൽ തട്ടിനോക്കിയെങ്കിലും തുറന്നില്ല. ശേഷം ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കോളേജ് ക്യാംപസിന് അകത്ത് തന്നെയാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവും രംഗത്തെത്തിയിട്ടുണ്ട്. മകൾ വെള്ളിയാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഫീസ് അടയ്ക്കുന്നതിന് വേണ്ടി 31,000 രൂപ വേണമെന്ന് പറഞ്ഞു. അത് അയച്ചു കൊടുത്തു. ഫീസ് കൊടുക്കാൻ ചിലപ്പോൾ താമസിക്കാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്. മരണ കാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.