എസ്ഐആറിന്റെ ആദ്യഘട്ടം നവംബർ 25നുള്ളിൽ പൂർത്തിയാക്കും, ഇതുവരെ എന്യൂമറേഷൻ ഫോം നൽകിയത് 64.45 ലക്ഷം പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചു. നവംബർ 25നുള്ളിൽ എന്യുമറേഷൻ ഫോം വിതരണം ബി.എൽ.ഒമാർ പൂർത്തീകരിച്ചിരിക്കണമെന്നും ബി.എൽ.ഒമാരുടെ പ്രകടനം ഇ.ആർ.ഒമാരും എ.ഇ.ആർ.ഒമാരും ബി.എൽ.ഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണം. ജില്ലാ കളക്ടർമാരുമായി ഇന്ന് നടന്ന വീഡിയോ കോൺഫറൻസിൽ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രത്തൻ ഖേൽക്കർ വ്യക്തമാക്കി.
സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണത്തിന്റെ ആറാം ദിവസമായ ഇന്നും പുരോഗതി ദൃശ്യമാണെന്ന് രത്തൽ ഖേൽക്കർ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇന്ന് വൈകിട്ട് ആറു മണി വരെ ഏകദേശം 64, 45, 755 പേർക്ക് ( 23. 14% )എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി.എൽ.ഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം നവംബർ 25 ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് ദുർഘടങ്ങൾ ഒന്നുമില്ലെന്നും രത്തൻ ഖേൽക്കർ കൂട്ടിച്ചേർത്തു.