ആദരവ് സംഘടിപ്പിച്ചു
കൊടിയത്തൂർ: മണ്ണും മനസും നൽകിയവർക്ക് ആദരവ് അർപ്പിക്കാൻ മന്ത്രി എത്തി. മണാശ്ശേരി - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിന്റെ നിർമാണത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത പരിസരവാസികളെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആദരിച്ചു. ഇത്തരത്തിലുള്ള ആളുകളാണ് നാടിൻറെ ശക്തിയെന്ന് മന്ത്രി പറഞ്ഞു. പള്ളിപറമ്പിലെ കബറുകൾ പോലും പൊളിച്ചുമാറ്റിയാണ് ജനങ്ങൾ റോഡ് നിർമ്മാണത്തോട് സഹകരിച്ചത്. വെറും രണ്ട് സെൻറ് ഭൂമിയുള്ള നിത്യരോഗിയായ ആളുവരെ സ്ഥലം വിട്ടുകൊടുത്തിരുന്നു. നാടിൻറെ വികസനത്തിന് വേണ്ടി ത്യാഗം സഹിച്ച മുന്നൂറോളം പേരെയാണ് മന്ത്രി ആദരിച്ചത്. കൊടിയത്തൂരിൽ നടന്ന പരിപാടിയിൽ ലിൻ്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി.