വന്ദേഭാരത് ടിക്കറ്റിന് 705 രൂപ; പുതിയ ട്രെയിനില്‍ പോകുമ്പോള്‍ കോളടിച്ചത് ഈ നഗരത്തിലുള്ളവര്‍ക്ക്
കൊച്ചി: എറണാകുളം ജംഗ്ഷന്‍ - ബംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ബംഗളൂരു മലയാളികള്‍. പകല്‍ സമയത്താണ് യാത്രയെങ്കിലും ഉത്സവ സീസണുകളില്‍ ഉള്‍പ്പെടെ സ്വകാര്യ ബസ് ലോബികളുടെ കൊള്ളയ്ക്ക് ഇരയാകേണ്ടി വരില്ല എന്നതാണ് ആശ്വാസം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ വലിയ രീതിയിലുള്ള ആവേശം പ്രകടവുമാണ്. ആദ്യ ആഴ്ചയിലേക്കുള്ള എക്‌സിക്യൂട്ടീവ് ചെയര്‍ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്.
ബംഗളൂരു - കൊച്ചി റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ കുറവാണ് വന്ദേഭാരതിലെ നിരക്ക്. ചെയര്‍ കാറിന് 1615 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2980 രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെയുള്ള നിരക്ക്. 1800 മുതല്‍ മുകളിലേക്കാണ് ബസ് നിരക്കുകള്‍. ഓണം, ക്രിസ്മസ്, വിഷു പോലുള്ള അവധിക്കാലത്ത് 5000 രൂപ വരെ ഈടക്കുന്ന ബസുകളുമുണ്ട്. എന്നാല്‍ സര്‍വീസ് നടത്തുന്നത് കൊച്ചി - ബംഗളൂരു റൂട്ടില്‍ ആണെങ്കിലും പുതിയ ട്രെയിന്‍ സര്‍വീസ് മറ്റൊരു നഗരത്തിലെ മലയാളികള്‍ക്ക് കൂടി ഗുണകരമാണ്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരുമായി വ്യാവസായികമായി അടുത്തുകിടക്കുന്ന നഗരമാണ് കൊച്ചി. അതുകൊണ്ട് തന്നെ ഇൗ രണ്ട് നഗരങ്ങളിലേക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് ഗുണകരമാണ്. എറണാകുളത്ത് നിന്ന് കോയമ്പത്തൂരിലേക്ക് വന്ദേഭാരത് ചെയര്‍ കാറിന്റെ നിരക്ക് വെറും 705 രൂപയാണ്. എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ആണെങ്കില്‍ 1340 രൂപ നല്‍കണം. ഉച്ചയ്ക്ക് 2.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 5.20ന് കോയമ്പത്തൂര്‍ ജംഗ്ഷനില്‍ എത്തിച്ചേരും.
അതേസമയം ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ നിരക്കില്‍ നേരിയ വ്യത്യാസമുണ്ട്. ചെയര്‍ കാറിന് 860 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 1480 രൂപയുമാണ് നല്‍കേണ്ടത്. രാവിലെ 10.35ന് കോയമ്പത്തൂരില്‍ എത്തുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തിച്ചേരും. മൂന്നേകാല്‍ മണിക്കൂറാണ് കൊച്ചി - കോയമ്പത്തൂര്‍ യാത്രയ്ക്ക് വന്ദേഭാരതില്‍ വേണ്ടിവരിക.