 ഭോപ്പാലിൽ വാഹനാപകടം മലയാളികളായ നാവികസേന ഉദ്യോഗസ്ഥർ മരിച്ചു  ഇരുവരും കയാക്കിംഗ് ദേശീയതാരങ്ങൾ

Sunday 09 November 2025 9:04 PM IST

ആലപ്പുഴ: കനോയിംഗ്-കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേന ഉദ്യോഗസ്ഥർ ഭോപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി,രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ.അനന്തകൃഷ്ണൻ (19),കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ്,​ജീജാമോൾ ദമ്പതികളുടെ മകൻ വിഷ്ണു രഘുനാഥ് (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെ രണ്ടിന് ഭോപ്പാൽ നേവൽ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് നാവികസേന അറിയിച്ചു.

ഇവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നാവികസേന ആദരവ് അർപ്പിച്ച ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീടുകളിലെത്തിക്കും. വിഷ്ണുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5ന് നടക്കും. ആലപ്പുഴ സായിയിലെ തുഴച്ചിൽ താരമായ അർ‌ജ്ജുനാണ് അനന്തകൃഷ്ണന്റെ സഹോദരൻ. വിഷ്ണുവിന്റെ സഹോദരി ലക്ഷ്മി.

അനന്തകൃഷ്ണൻ മൂന്ന് മാസം മുമ്പാണ് നേവിയിൽ പെറ്റി ഓഫീസറായി നിയമിതനായത്. 2024ലെ കനോയിംഗ്-കയാക്കിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ അയ്യായിരം മീറ്റർ സിംഗിൾസിൽ കനോയിംഗിൽ അനന്തകൃഷ്ണനായിരുന്നു ചാമ്പ്യൻ. കേരളം ആദ്യമായാണ് ഈ വിഭാഗത്തിൽ വിജയിച്ചത്. ഈ നേട്ടമാണ് നാവികസേനയിലേക്ക് അനന്തകൃഷ്ണന് വഴിതെളിച്ചത്.

ഭോപ്പാലിൽ ഒരു മാസം മുമ്പ് നടന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിലടക്കം സ്വർണമെഡൽ നേടിയ വിഷ്ണു രഘുനാഥ് കഴിഞ്ഞ ഒമ്പത് വർഷമായി നാവികസേനയിലെ ഉദ്യോഗസ്ഥനാണ്. വിഷ്ണു നെഹ്റുട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മുൻ തുഴച്ചിൽ താരമായിരുന്നു.