ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനി, ആശുപത്രി നിർമ്മാണത്തിന് 15 കോടി നൽകി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദേവസ്വം നിർമ്മിക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യഗഡു സംഭാവനയായി 15 കോടിയുടെ ചെക്ക് കൈമാറി. 58.50 കോടിയുടേതാണ് പ്രോജക്ട്. ദേവസ്വം ആനകൾക്കായി നിർമ്മിക്കുന്ന ആധുനിക മൃഗാശുപത്രിക്കും സഹായം നൽകാമെന്ന് ഉറപ്പു നൽകി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ മാതൃകയിൽ ദേവസ്വം ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും വ്യക്തമാക്കി.
ഇന്നലെ രാവിലെ ഏഴരയ്ക്കാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേനടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പൊതുഅവധി ദിനത്തിൽ സ്‌പെഷ്യൽ ദർശനത്തിന് നിയന്ത്രണമുള്ളതിനാൽ 25 പേർക്കായി ശ്രീകോവിലിൽ നെയ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനിയും സംഘവും ക്ഷേത്ര ദർശനം നടത്തിയത്. സോപാനപടിയിൽ കാണിക്ക സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം ഏറ്റുവാങ്ങി. ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് ചുവർ ചിത്രത്തിന്റെ മാതൃക ഉപഹാരമായി സമ്മാനിച്ചു.