ബാങ്ക് സ്വകാര്യവത്കരണത്തിൽ ജീവനക്കാർക്ക് ആശങ്ക
കൊച്ചി: പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണത്തിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ പരോക്ഷ പിന്തുണ ആശങ്കാജനകമാണെന്ന് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒൻപത് സംഘടനകളുടെ ഏകോപന വേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ്(യു.എഫ്.ബി.യു) പറഞ്ഞു, പൊതുമേഖലാ ബാങ്കുകൾ സാമ്പത്തിക ഉൾപ്പെടുത്തലിന്റെ അടിസ്ഥാന ചാലക ശക്തിയും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക സുരക്ഷയുടെ നെടുംതൂണുമാണെന്ന് യു.എഫ്.ബി.യു പ്രസ്താവനയിൽ വ്യക്തമാക്കി. 1969-ലെ ബാങ്ക് ദേശസാത്കരണം ഔപചാരിക നടപടി മാത്രയല്ല, രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക ഘടനയെ അടിസ്ഥാനതലത്തിൽ പുനർനിർമിച്ചതാണ്. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, സ്ത്രീകൾ, പിന്നാക്കവിഭാഗങ്ങൾ തുടങ്ങി രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ബാങ്ക് സേവനങ്ങളും വായ്‌പയും ലഭ്യമാക്കാൻ ഇതിലൂടെ കഴിഞ്ഞു.
പ്രധാനമന്ത്രി ജൻ ധൻ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ(ഡി.ബി.ടി), തൊഴിലുറപ്പ് വേതനം പോലെയുള്ള ദേശീയ സാമൂഹ്യബാധ്യതാ ഇടപാടുകൾ എന്നിവ പൊതുമേഖലാ ബാങ്കുകളാണ് കൈകാര്യം ചെയുന്നത്.