നിർമ്മിത ബുദ്ധിക്കാലത്തെ വെല്ലുവിളികൾ അവസരങ്ങളാക്കി മാറ്റാം: ശ്രദ്ധേയമായി കരിയർ സെമിനാർ

Monday 10 November 2025 1:08 AM IST

പാലക്കാട്: അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) യുഗത്തിൽ വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകിക്കൊണ്ട് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗവ.മോയൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കരിയർ സെമിനാർ ശ്രദ്ധേയമായി. നൂതന സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചും യുവതലമുറയെ കാത്തിരിക്കുന്ന പുതിയ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും പ്ലസ് ടു വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള ഹയർ സെക്കൻഡറി സ്റ്റേറ്റ് കരിയർ ഫാക്കൽറ്റിയും കൗൺസിലറുമായ കെ.പി.ലുക്മാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. എ.ഐയുടെ കടന്നുവരവ് പരമ്പരാഗത ജോലികൾക്ക് വെല്ലുവിളിയാകുമെങ്കിലും, അവയെ അവസരങ്ങളാക്കി മാറ്റാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓൺലൈൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലെനിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്നിവ ഈ ടെക്നോളജി യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരിയർ സാധ്യതകളാണ്. സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിങ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, യു.ഐ യു.എക്സ് ഡിസൈൻ എന്നിവ പുതിയ വഴികൾ തുറന്ന്‌ നൽകുന്നു. ഈ സാങ്കേതിക വൈദഗ്ധ്യങ്ങൾക്കൊപ്പം, തൊഴിലിടങ്ങളിൽ അത്യന്താപേക്ഷിതമായ ആശയവിനിമയ ശേഷിയും വ്യക്തിത്വ വികസനവും മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിൽ അവസരങ്ങൾ നേടുന്നതിനും വിദേശ ഭാഷകൾ പഠിക്കേണ്ടതിൻ്റെ പ്രാധാന്യവും വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാനപ്പെട്ട എൻട്രൻസ് എക്സാമുകൾ, അതിനോടനുബന്ധിച്ചുള്ള പഠന രീതികൾ, വിവിധ സ്‌കോളർഷിപ്പുകൾ എന്നിവയും സെമിനാറിൽ പരിചയപ്പെടുത്തി.

ഗവ. മോയൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കരിയർ സെമിനാർ ഡി.ജി.ഇ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്‌.ഇ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ലിസി ജോസഫ്, ഡി.ജി.ഇ എ.ഡി.പി.ഐ സന്തോഷ്, സംഘാടക സമിതി വൈസ് ചെയർമാൻമാരായ സന്തോഷ്‌ ബേബി, ബി.ടി.ഷൈജിത്, സി.ജി.സി.സി സ്റ്റാഫ് കോഓർഡിനേറ്റർ വി.എസ്.സന്തോഷ്, കൺവീനർ കെ.ജി.പ്രമോദ്,ജോയിന്റ് കൺവീനർ കെ.രതീഷ്, വി.എച്ച്.എസ്‌.സി ഡെപ്യൂട്ടി ഡയറക്ടർ പി.ഉബൈദുല്ല, അസിസ്റ്റന്റ് ഡയറക്ടർമാരായ നവീന, സജി, ഉദയകുമാരി എന്നിവർ പങ്കെടുത്തു.