വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ അടിച്ചു വീഴ്‌ത്തി: സ്വർണവള മുറിച്ചെടുത്തു
□സംഭവം കുറിച്ചിയിൽ ഇന്നലെ രാവിലെ 11ന്
കോട്ടയം : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ അടിച്ചുവീഴ്‌ത്തി സ്വർണവള മുറിച്ചെടുത്ത് കടന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുറിച്ചി പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്വാമിക്കവലയിൽ ഹോമിയോ കോളേജിന് സമീപം തെക്കേപ്പറമ്പിൽ അന്നമ്മ സൈമണിന്റെ (80) വളയാണ് മോഷണം പോയത്. ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. നാല് റോഡുകൾ സംഗമിക്കുന്നിടത്താണ് ഇവരുടെ വീട് . അന്നമ്മ, ഭർത്താവ് സൈമൺ, മൂത്തമകൻ സിബി, ഭാര്യ സുമ എന്നിവരാണ് താമസം. വീടിന്റെ പ്രധാന വാതിൽ അടച്ചിരുന്നെങ്കിലും പൂട്ടാതെയാണ് മറ്റുള്ളവർ പള്ളിയിലേക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ കതക് തുറന്നു കിടന്നിരുന്നു. മുറിയ്ക്കകത്ത് ബോധരഹിതയായി കട്ടിലിൽ ഇടതു കൈയിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ കിടക്കുകയായിരുന്നു അന്നമ്മ. മാല നഷ്ടപ്പെട്ടിട്ടില്ല. കട്ടർ ഉപയോഗിച്ച് വള മുറിച്ചെടുത്തതായാണ് കരുതുന്നത്. ചിങ്ങവനം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസും, ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
'സ്ഥലത്ത് സി.സി.ടി.വി ക്യാമറകളില്ലാത്തതിനാൽ സമീപ റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് വരുകയാണ്.'
-എസ്.പ്രദീപ്,
എസ്.എച്ച്.ഒ