ഡോ. വി.പി.മഹാദേവൻ പിള്ള അന്തരിച്ചു

Monday 10 November 2025 3:12 AM IST

കൊച്ചി: കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള (68) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അന്ത്യം. കോയമ്പത്തൂർ അമൃത വി​ശ്വവി​ദ്യാലയത്തി​ൽ സ്കൂൾ ഒഫ് ഫി​സി​ക്കൽ സയൻസസ് ഡീൻ ആയി​ പ്രവർത്തി​ച്ചുവരി​കയായി​രുന്നു. 2018 മുതൽ 2022 വരെ കേരള വി.സി ആയിരുന്നു. കേരള യൂണി​വേഴ്സി​റ്റി​ സെനറ്റ് ഹാളി​ൽ ഇന്ന് വൈകി​ട്ട് 3 മുതൽ പൊതുദർശനം. നാളെ ഉച്ചയ്ക്ക് 1ന് തൈക്കാട് ശാന്തി​കവാടത്തി​ൽ സംസ്കരി​ക്കും.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. പോങ്ങുംമൂട് അർച്ചന നഗർ ശിവപ്രിയയിലാണ് താമസം. ഭാര്യ: എസ്.ജയലക്ഷ്മി (റിട്ട. സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി). മക്കൾ: എം.അരുൺ കുമാർ, എം.ആനന്ദ് കുമാർ‌ (ഇരുവരും യു.എസിൽ എൻജിയർമാർ). മരുമക്കൾ: തുഷാര, അഞ്ജലി.

കൊച്ചി​ സർവകലാശാല, പെരി​യാർ യൂണി​വേഴ്സി​റ്റി​, അളഗപ്പ യൂണി​വേഴ്സി​റ്റി​, പണ്ഡി​റ്റ് രവി​ശങ്കർ ശുക്ള യൂണി​വേഴ്സി​റ്റി​ തുടങ്ങി​യ സ്ഥാപനങ്ങളി​ലെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായി​രുന്നു. കേരള യൂണി​വേഴ്സി​റ്റി​ അക്കാഡമി​ക് കൗൺ​സി​ൽ, സെനറ്റ് അംഗമായും പ്രവർത്തി​ച്ചി​ട്ടുണ്ട്. ജർമ്മനി​യി​ലെ കാൾഷ്രൂ യൂണി​വേഴ്സി​റ്റി​യി​ൽ വി​സി​റ്റിംഗ് പ്രൊഫസറുമായി​രുന്നു. 1982ലാണ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ഫിസിക്സ് വിഭാഗം ലക്ചററായിരുന്നു.