ചിറ്റൂർ വാഹനാപകടം: 3 പേരുടെ ജീവനെടുത്തത് അമിതവേഗത

Sunday 09 November 2025 10:16 PM IST

പാലക്കാട്: ചിറ്രൂരിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് കാരണം അമിതവേഗതയെന്ന് നിഗമനം. ശനിയാഴ്ച രാത്രി പതിനൊന്നോടെ ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിനു കാരണം കാട്ടുപന്നി കുറുകെ ചാടിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണോ കാട്ടുപന്നി കുറുകെ ചാടിയാണോ അപകടം സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

പാലക്കാട് നൂറടി റോഡ് വെങ്കിടേശ്വര കോളനി രേവതിയിൽ റോഹൻ രഞ്ജിത് (24), നൂറണി ചക്കാന്തറ ലക്ഷ്മിനിവാസിൽ രോഹൻ സന്തോഷ് (22), യാക്കര കാഴ്ചപ്പറമ്പ് സൗപർണികയിൽ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ജിതിൻ തൃശൂർ മെഡിക്കൽ കോളേജിലും മറ്റ് രണ്ടുപേർ കോയമ്പത്തൂരിലെ ആശുപത്രിയിലുമാണ്.