ഐ.ജി ശ്യാംസുന്ദറിന്റെ മാതാവ് ഡോ. ശ്യാമളാദേവി അന്തരിച്ചു
തിരുവനന്തപുരം: ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദറിന്റെ മാതാവ് വെള്ളയമ്പലം ശാസ്തമംഗലം റോഡ് ശ്രീരംഗം ലെയിൻ എസ്.എഫ്.എസ് ഗ്രാൻഡിൽ ഡോ. ശ്യാമളാദേവി (84) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.45ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ് പരേതനായ ഡോ.സുന്ദർ രാജ്. മകൾ: അപർണ.എസ് (ഐ.ടി സീനിയർ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്). മരുമക്കൾ: ശ്യാം സുബ്രഹ്മണ്യൻ (ഐ.ബി.എം പ്രോജക്ട് മാനേജർ), മീനു.എസ്.കുമാർ (ക്വിലോൺ ബീച്ച് ഹോട്ടൽ ഡയറക്ടർ).
തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ ശ്യാമളാദേവി ഇ.എസ്.ഐ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് കൊല്ലം എസ്.എൻ. കോളേജ് ഹിന്ദി വിഭാഗത്തിൽ അദ്ധ്യാപകനായിരുന്ന ഡോ.സുന്ദർ രാജിന്റെ ജീവിത സഖിയാവുന്നത്. കൊല്ലം വടക്കേവിള വാസന്തീമന്ദിരത്തിലായിരുന്നു താമസം.
വിവാഹം കഴിഞ്ഞതോടെ കൊല്ലം ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറി. വിവിധ മേഖലകളിൽ നിന്നെത്തുന്ന തൊഴിലാളികളോട് സ്നേഹപൂർവം പെരുമാറിയിരുന്ന ഡോക്ടർ വളരെ പെട്ടെന്ന് അവർക്കിടയിൽ ജനകീയയായി. പിന്നീട് ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട രോഗികളെയും സമഭാവനയോടെ ചികിത്സിച്ചു.
സർവീസിൽ നിന്നു പിരിഞ്ഞശേഷം കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലും സേവനമനുഷ്ഠിച്ചു.
ഭർത്താവ് സുന്ദർ രാജ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് ഡോ.ശ്യാമളാദേവി തിരുവനന്തപുരത്ത് മകൻ ശ്യാംസുന്ദറിനൊപ്പം താമസമാക്കിയത്.
ലാളിത്യത്തിന്റെ
പ്രതീകം
ലാളിത്യത്തിന്റെ പര്യായമായിരുന്നു ഡോ. ശ്യാമളാദേവി. പാവപ്പെട്ട രോഗികളോട് കാരുണ്യത്തോടെയാണ് പെരുമാറിയിരുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്താൻ ഒരിക്കലും താത്പര്യം കാട്ടിയിരുന്നില്ല. വീടിനു മുന്നിൽ ഒരു ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല.