ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം ആത്മഹത്യയല്ല; ദുരൂഹത ആരോപിച്ച് കുടുംബം
കുന്നത്തൂർ: ആലപ്പുഴ പുന്നപ്രയിൽ ഭർതൃ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അജിത്തിനും വീട്ടുകാർക്കുമെതിരെ കുടുംബം രംഗത്ത്. വെള്ളിയാഴ്ചയാണ് കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പുതുപ്പറമ്പിൽ ഹൗസിൽ രേഷ്മയെ (29) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം നിരവധി തവണ മകളെയും മരുമകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് രേഷ്മയുടെ പിതാവ് പ്രകാശൻ പറയുന്നു. രേഷ്മയുടെ മകന് സുഖമില്ലെന്നും ഉടൻ അറവുകാട് എത്തണമെന്നും കോതമംഗലത്തെ ബന്ധു അറിയിച്ചതിനെത്തുടർന്നാണ് അജിത്തിന്റെ വീട്ടിലെത്തിയത്. എത്തിയപ്പോൾ നിലത്തുകിടക്കുന്ന മകളുടെ ചേതനയറ്റ ശരീരമാണ് കണ്ടത്. ഈ സമയം ആരും വീട്ടിലുണ്ടായിരുന്നില്ല.
തുടർന്ന് ആലപ്പുഴ എസ്.പിയും തഹസീൽദാരും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ശൂരനാട്ടെ വീട്ടിലെത്തിച്ചപ്പോൾ അന്ത്യകർമ്മങ്ങളിൽ പോലും ഭർത്താവും കുടുംബവും പങ്കെടുത്തില്ല. അന്ത്യകർമ്മങ്ങൾക്ക് മകനെ വിട്ടുനൽകാൻ ഭർതൃവീട്ടുകാർ ആദ്യം തയ്യാറായില്ല. പൊലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് കുട്ടിയെ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു
2018 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ തെളിവുസഹിതം രേഷ്മ പിടികൂടിയിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്നു രേഷ്മയ്ക്ക് ഭക്ഷണം പോലും നിഷേധിച്ചിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തി പോകണമെന്നും അല്ലാത്തപക്ഷം നായയെ പോലെ കഴിയേണ്ടി വരുമെന്നും ഭർത്താവ് ഭീഷണി മുഴക്കുമായിരുന്നു. എന്തു സംഭവിച്ചാലും ആത്മഹത്യ ചെയ്യില്ലെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും ഇതിനാലാണ് ദൂരുഹത ആരോപിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.
രണ്ട് ലക്ഷം രൂപയും 25 പവനും
വിവാഹ സമ്മാനമായി രണ്ടുലക്ഷം രൂപയും 25 പവനുമാണ് നൽകിയത്. സ്വർണത്തെച്ചൊല്ലി പലതവണ വഴക്കുണ്ടായി. വിവാഹം കഴിഞ്ഞ് 18-ാം ദിവസം താലിമാല ഉൾപ്പെടെ പണയം വച്ചു. ഭർത്താവിന് തന്നെയും മകനെയും ഇഷ്ടമല്ലെന്നും ഒരു കാരണവശാലും മകനെ അജിത്തിന്റെ വീട്ടുകാർക്ക് നൽകരുതെന്നും ഇടയ്ക്ക് ശൂരനാട്ടെത്തിയപ്പോൾ സഹോദരിയുടെ ബുക്കിൽ രേഷ്മ എഴുതിയിരുന്നു.