ശരണംവിളി ഉയരാൻ ഒരാഴ്ച മാത്രം, ഒരുങ്ങാതെ ഒരുങ്ങി പന്തളം
പന്തളം: ശബരിമലയിലേക്ക് തീർത്ഥാടകാർ എത്താൻ സമയമായിട്ടും പന്തളത്ത് ഒരുക്കങ്ങൾ ഒന്നുമായില്ല. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് തീർത്ഥാടകർക്ക് വേണ്ടത്ര സൗകര്യമൊരുക്കുന്നില്ലെന്നത് പതിവായുള്ള പരാതിയാണ്. അതിന് ഇത്തവണയും മാറ്റമില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പണികൾ തീർത്ഥാടകർ എത്തിയാലും തീരുന്നമട്ടില്ല. കഴിഞ്ഞവർഷം പാർക്കിംഗ് സ്ഥലത്തേക്കുള്ള വഴിയുടെ പണികാരണം തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. തീർത്ഥാടകർക്ക് താമസിക്കാനും വിരിവയ്ക്കുവാനും അന്നദാനത്തിനുമായി വലിയ കെട്ടിടസമുച്ചയം പണിതിട്ടുണ്ട്. ഇതിന് താഴെയാണ് ചെറിയ വാഹനങ്ങൾക്ക് പാർക്കിംഗ് ക്രമീകരണം. എന്നാൽ ഇവിടെ വാഹനം നിറുത്തിയിടുന്നതിന് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. മഴപെയ്താൽ പാർക്കിംഗ് ഗ്രൗണ്ട് മുഴുവൻ വെള്ളത്തിലാകും. ഇതിനു പരിഹാരം കാണാനുള്ള പണി തുടങ്ങി.
പമ്പാ ബസും നിറുത്തി
പന്തളത്ത് നിന്ന് പമ്പയിലേക്ക് പോകണമെങ്കിൽ ചെങ്ങന്നൂരിലോ പത്തനംതിട്ടയിലോ അടൂരിലോ എത്തണം. ഇവിടെ നിന്ന് പമ്പയ്ക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിയിട്ട് മാസങ്ങളായി. സീസൺ സമയത്ത് ഈ സർവീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. രാത്രി ഏഴര കഴിഞ്ഞാൽ ജില്ലാആസ്ഥാനമായ പത്തനംതിട്ടയിലേക്ക് പോലും ബസില്ലാത്തത് തീർത്ഥാടകരെ വലയ്ക്കും.
വൃത്തിയാക്കാതെ കുളിക്കടവുകൾ
തീർത്ഥാടകർ ആശ്രയിക്കുന്നത് അച്ചൻകോവിലാറിലെ കുളിക്കടവുകളെയാണ്. വലിയ കോയിക്കൽ ക്ഷേത്രക്കടവിലും കൈപ്പുഴ ക്ഷേത്രക്കടവിലുമാണ് സൗകര്യം ഒരുക്കാറുള്ളത്. എന്നാൽ കടവിലേക്ക് ഇറങ്ങാൻ വളരെ ബുദ്ധിമുട്ടുള്ള തരത്തിൽ കുത്തൊഴുക്കും ചെളിയുമാണ്. കടവുകൾ ഒന്നും വൃത്തിയാക്കിയിട്ടില്ല.
പാർക്കിംഗ് പ്രശ്നമാകും
വാഹനങ്ങളുടെ പാർക്കിംഗാണ് പന്തളത്തെ വലിയ പ്രശ്‌നം. എം.സി റോഡരികിൽ മാത്രമേ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളു. ചെറിയ വാഹനങ്ങൾക്ക് പണം നൽകി ഉപയോഗിക്കുന്ന പാർക്കിംഗ്, സൗജന്യ പാർക്കിംഗ് എന്നിവയുണ്ട്. കുളനട പഞ്ചായത്തിലെ കൈപ്പുഴയിലാണ് വലിയ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം മുമ്പ് ഒരുക്കിയിരുന്നത്. കെ.ടി.ഡി.സിയുടെ മൈതാനമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇവിടെ കുടുംബശ്രീയുടെ ഹോട്ടൽ ആരംഭിച്ചതോടെ വാഹനങ്ങളുടെ പാർക്കിംഗ് അനുവദനീയമല്ല. എം.സി റോഡിൽ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള സ്ഥലം ദേവസ്വം ബോർഡ് വിലയ്ക്ക് വാങ്ങി പാർക്കിംഗ് സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപ്പായില്ല.
അവസാന നിമിഷം...
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം പാർക്കിംഗ് ഗ്രൗണ്ടിലേക്ക് എത്താതിരിക്കാൻ ഇവിടെയുള്ള തോട്ടിൽ ഷട്ടർ സ്ഥാപിക്കുന്ന പണി തുടങ്ങി. ഒൻപതു ലക്ഷം രൂപ ചെലവിൽ ചെറുകിട ജലസേചന വകുപ്പാണ് ഷട്ടർ നിർമിക്കുന്നത്. പഴയ അന്നദാന ഹാളിന് സമീപത്തു നിന്ന് ക്ഷേത്രമുറ്റത്തേക്ക് ഇറങ്ങുന്നതിനുള്ള പടിയുടെ നിർമ്മാണവും നടന്നുവരുന്നു. ഊട്ടുപുരയുടെ പിൻഭാഗത്തെ തിണ്ണ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിംഗ് തുടങ്ങിയവ തുടങ്ങി.