വിവര സാങ്കേതികവിദ്യ ഉൾപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും : മന്ത്രി

Monday 10 November 2025 12:37 AM IST

തിരുവല്ല : വിജ്ഞാനകേരളം പദ്ധതിയിൽ വിവര സാങ്കേതികവിദ്യ ഉൾപ്പെടുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റിൽ രണ്ടുകോടി അനുവദിച്ച നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ വടശ്ശേരിൽപടി - നാലൊന്നിൽപടി റോഡ്, ശ്‌മശാനം റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പഠനം പൂർത്തിയാക്കിയ അഞ്ചുലക്ഷം പേർക്ക് കണക്ട് ടു വർക്ക്‌ പദ്ധതിയിലൂടെ തൊഴിൽ നൽകും. സാമൂഹിക സുരക്ഷാ പെൻഷൻ ഈമാസം 20നു ശേഷം വിതരണം ചെയ്യും. പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ച തുകയും കുടിശികയിലെ അവസാന ഗഡുവായ 1600രൂപയും ഉൾപ്പടെ 3600രൂപയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ 10വർഷം സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തലത്തിൽ നിരവധി വികസനം സാദ്ധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷേർലി ഫിലിപ്പ്, ജെ.പ്രീതിമോൾ, എൻ.എസ് ഗിരീഷ് കുമാർ, അംഗങ്ങളായ തോമസ് ബേബി, സെക്രട്ടറി എ.ആർ.ശാന്തകുമാർ, കെ.എസ്.സി.ഇ.ഡബ്ല്യൂ.ബി വൈസ് ചെയർമാൻ ആർ.സനൽ കുമാർ, ബാബു കല്ലുങ്കൽ, ജോയി ആറ്റുമാലിൽ, അഡ്വ.എം.ബി.നൈനാൻ, പി.പി.ജോൺ, അബ്ദുൾകലാം ആസാദ്, കെ.ബാലചന്ദ്രൻ, കെ.ദിനേശ്, എ.എച്ച്.ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.