വർക്കിംഗ്‌ ജേർണലിസിറ്റ് ആക്ട് പുനഃസ്ഥാപിക്കണം : കെ.യു.ഡബ്ല്യു.ജെ

Monday 10 November 2025 12:40 AM IST

പത്തനംതിട്ട : രാജ്യത്തെ മാദ്ധ്യമ പ്രവർത്തകർക്ക് നിയമപരവും തൊഴിൽപരവുമായ സംരക്ഷണം ഉറപ്പാക്കുന്ന വർക്കിംഗ്‌ ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ പാർലമെന്റ് പാസാക്കിയ നിയമമാണ് ഇല്ലാതായത്. ദൃശ്യമാദ്ധ്യമങ്ങളെ കൂടി ഉൾപ്പെടുത്തി വർക്കിംഗ്‌ ജേർണലിസ്റ്റ് ആക്ട് 2026 എന്നപേരിൽ പുതിയ നിയമം എത്രയുംവേഗം നടപ്പാക്കണം. പുതിയ ലേബർ കോഡ് പ്രകാരം ഒരു സാധാരണ കാറ്റഗറിയായി മാദ്ധ്യമ പ്രവർത്തനം മാറിയിരിക്കുകയാണെന്നും പ്രത്യേക നിയമ പരിരക്ഷ ആവശ്യമുള്ള വിഭാഗമെന്ന നിലയിൽ വർക്കിംഗ്‌ ജേർണലിസ്റ്റ് ആക്ട് പുതുക്കി പ്രാബല്യത്തിൽ വരുത്തേണ്ടതാവശ്യമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ 20,000 രൂപയായി വർദ്ധിപ്പിക്കണം. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർദ്ധിപ്പിച്ച സാഹചര്യത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ പെൻഷനും വർദ്ധിപ്പിക്കേണ്ടത് കാലോചിതമാണ്. പെൻഷൻ ഫണ്ട് കണ്ടെത്താൻ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യത്തിൽ നിന്ന് നിശ്ചിത ശതമാനം സെസ് പരിക്കാനുള്ള സർക്കാർ നീക്കം ഊർജ്ജിതപ്പെടുത്തണമെന്നും മുഴുവൻ പെൻഷന് 35 വർഷം എന്ന മാനദണ്ഡം അടക്കമുള്ള കരടിലെ നിർദേശം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യമുന്നയിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങൾ പഠിക്കാൻ ജുഡീഷൽ കമ്മീഷൻ രൂപീകരിക്കണമെന്നും ശമ്പള പ്രതിസന്ധിയടക്കം മാദ്ധ്യമ ജീവനക്കാർ രൂക്ഷമായ തൊഴിൽ ചൂഷണം നേരിട്ടുവരികയാണ്. മാദ്ധ്യമ പ്രവർത്തകരുടെ ജീവിതഭാരം ഇരട്ടിയാക്കുന്ന തരത്തിൽ അന്യായവും അനാവശ്യവുമായ സ്ഥലംമാറ്റങ്ങളും അടിച്ചേല്പിച്ചു വരികയാണ്. പണിയെടുത്തതിന്റെ കൂലി അടക്കം ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നവരെ അന്യായമായ അച്ചടക്ക നടപടിയിലൂടെയും മറ്റും സ്ഥാപനങ്ങളിൽ നിന്ന് പുറന്തള്ളാനും കൊണ്ടുപിടിച്ച ശ്രമം നടന്നുവരികയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങൾ പഠിക്കാൻ റിട്ടയേഡ് ജഡ്ജി അദ്ധ്യക്ഷനായ കമ്മിഷനെ രൂപീകരിക്കണമെന്നതാണ് കെ.യു.ഡബ്ല്യു.ജെ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ പറഞ്ഞു.