അമ്മ മരിച്ചു,​ കുഞ്ഞുമായി അച്ഛന്റെ പ്രതിഷേധം,​ സംഭവം തിരുവനന്തപുരം എസ്.എ.ടിയിൽ

Monday 10 November 2025 4:50 AM IST

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രസവം കഴിഞ്ഞ യുവതിക്ക് അണുബാധയേറ്റ് മരണം. ആശുപത്രിയിൽ നിന്നാണ് അണുബാധയെന്ന് ബന്ധുക്കൾ. പ്രസവം കഴിഞ്ഞ് മടങ്ങിപ്പോയതിനാൽ വീട്ടിൽ നിന്നാകാമെന്ന് ആശുപത്രി അധികൃതർ. മെഡിക്കൽ കാേളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ മരിച്ച കരിക്കകം ശ്രീരാഗം റോഡിൽ ടിസി 91/2846 ജെ.ആർ.ശിവപ്രിയയുടെ (26) രക്തത്തിൽ കണ്ടെത്തിയ അസിനെറ്റോ ബാക്ടർ ബാക്ടീരിയയുടെ സാന്നിദ്ധ്യം എവിടെനിന്നു ബാധിച്ചു എന്നതിലാണ് തർക്കം. ഇന്നലെ രാവിലെ 11ഓടെയായിരുന്നു മരണം. രോഷാകുലരായ ബന്ധുക്കൾ 19 ദിവസം പ്രായമായ നവജാത ശിശുവുമായി എസ്.എ.ടിക്കു മുന്നിൽ എട്ടുമണിക്കൂറോളം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.എ.ടി അധികൃതർ അറിയിച്ചതിനെ തുടർന്ന് രാത്രി ഏഴരയോടെ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്‌മാർട്ടം നടത്തും.

മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലാണ്.

മെഡിക്കൽകോളജ് ആശുപത്രിയിൽ മതിയായ ചികിത്സകിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

കരിക്കകത്തെ സ്വകാര്യസ്ഥാപനത്തിലെ ക്യാഷ്യറായിരുന്നു ശിവപ്രിയ. ഭർത്താവ് മനു(കൂലിപ്പിണി) രണ്ടരവയസുള്ള മൂത്തമകൾ ശിവനേത്രയെയും നവജാതശിശു ബൃഹദേശ്വരനെയും കൊണ്ടാണ് നാട്ടുകാർക്കൊപ്പം പ്രതിഷേധത്തിനെത്തിയത്. ബി.ജെ.പി,യുവമോർച്ച,യൂത്ത്കോൺഗ്രസ് എന്നീ സംഘടനകൾ പ്രതിഷേധിച്ചു. മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ളവർ പങ്കെടുത്തു.

സുഖപ്രസവം, പക്ഷേ...

#രണ്ടാമത്തെ പ്രസവമായിരുന്നു.

ഫോർട്ട് ഗവ. ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞമാസം 20നാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന് തോന്നിയതോടെ സ്കാനിംഗിനായി എസ്.എ.ടിയിലേയ്ക്ക് റെഫർ ചെയ്യുകയായിരുന്നു.

# 22ന് ആൺകുഞ്ഞിനെ പ്രസവിച്ചു. സുഖപ്രസവമായിരുന്നു. 24ന് ഡിസ്ചാർജ് ചെയ്തപ്പോൾ നടന്നാണ് വാഹനത്തിൽ കയറിയത്. പനിയുണ്ടായിരുന്നു. തണുപ്പിന്റെയാകാമെന്ന് അധികൃതർ പറഞ്ഞു. പനിയും ഛർദ്ദിയും കൂടിയതോടെ 26ന് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചു. പ്രസവ തുന്നൽ ഇളകിയെന്ന് ഡോക്ടർ അറിയിച്ചു. ശിവപ്രിയ തലകറങ്ങിവീണു. ഡെങ്കി ആകാമെന്നും രക്തത്തിന്റെ കൗണ്ട് കുറഞ്ഞതാകാമെന്നും സമാധാനിപ്പിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

#തൊട്ടടുത്ത ദിവസം പനി കടുത്തതോടെ മെഡിക്കൽ കോളേജിലെ മൾട്ടിസ്പെഷ്യാലിറ്റി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അണുബാധയുണ്ടോയെന്ന് അറിയാൻ രക്ത പരിശോധന നടത്തി. അസിനെറ്റോ ബാക്ടർ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

മറ്റാർക്കും ആശുപത്രിയിൽ

അണുബാധയില്ല: സൂപ്രണ്ട്

``കുടുംബത്തിന്റെ ദുഃഖത്തിൽ വിഷമമുണ്ട്. ലേബർറൂം അണുവിമുക്തമായിരുന്നു. വീട്ടിൽപോയശേഷമാണ് ഛർദ്ദിയുമായി വന്നത്. പ്രസവസമയത്ത് കുഞ്ഞിനും അമ്മക്കും അണുബാധയില്ലായിരുന്നു, ഡിസ്ചാർജ് ചെയ്യുമ്പോൾ പനിയില്ലായിരുന്നു. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ചികിത്സയിലുള്ള ആർക്കും അണുബാധയുണ്ടായിട്ടില്ല. വീണ്ടും എത്തുമ്പോൾ തുന്നൽ ഇളകിയനിലയിലായിരുന്നു.

മെഡിക്കൽകോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണോ അണുബാധ ഉണ്ടായതെന്ന് പറയാനാവില്ല.``

- എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു,

ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സുജ

ആശുപത്രി ബാക്ടീരിയ

``രാവിലെ ഒൻപതര മണിയോടെ ഡോക്ടർ എന്നെവിളിച്ച് അണുബാധ കാരണം ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചെന്നും ആരോഗ്യനില മോശമാണെന്നും പറഞ്ഞു.

അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രിമുഖേന മാത്രമുണ്ടാകുന്നതാണ്.അതിന്റെ റിപ്പോർട്ടടക്കം എന്റെ കൈവശമുണ്ട്``

-ഭർത്താവ്, മനു