മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ഡോക്ടറേറ്റ്
Monday 10 November 2025 12:00 AM IST
തിരുവല്ല : ദൈവശാസ്ത്ര സർവകലാശാലയായ സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ഡി. ഡി (ഓണററി കോസ) ബിരുദത്തിന് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അർഹനായി. അക്കാഡമിക, സാമൂഹ്യ, എക്യൂമെനിക്കൽ, ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ്. ബിരുദദാനം 27ന് സെറാംപൂർ കോളേജിൽ നടക്കുമെന്ന് കൗൺസിൽ സെക്രട്ടറി ഡോ. ശുബ്റോ ശേഖർ സർക്കാർ അറിയിച്ചു. സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തിൽ കാനഡയിലെ മെക് - മാസ്റ്റർ സർവകലാശാലയിൽ നിന്ന് മെത്രാപ്പൊലീത്ത മുമ്പ് ഡോക്ടറേറ്റ് നേടിയിട്ടുണ്ട് . കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേചക്കാലയിൽ ഡോ. കെ.ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.