മുൻ മന്ത്രി കെ.രാജു ദേവസ്വം ബോർഡ് അംഗമായേക്കും
തിരുവനന്തപുരം: മുൻ മന്ത്രി കെ.രാജു സി.പി.ഐ പ്രതിനിധിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായേക്കും. നാളെ രാവിലെ 10 ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനമെടുക്കും. ഉച്ച കഴിഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റും ചേരുന്നുണ്ട്.
നിലവിലെ അംഗം എ.അജികുമാറിന്റെ കാലാവധി തീരുന്ന ഒഴിവിലേക്ക് വിളപ്പിൽ രാധാകൃഷ്ണനെയാണ് തീരുമാനിച്ചിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ജയകുമാർ അപ്രതീക്ഷിതമായി എത്തിയതോടെയാണ് രാധാകൃഷ്ണന് കൈവന്ന അവസരം നഷ്ടമായത്. പ്രസിഡന്റും മെമ്പറും ഒരേ സമുദായത്തിൽ നിന്നാവുന്നത് ഒഴിവാക്കാനാണ് കെ.രാജുവിനെ പരിഗണിച്ചത്. രാധാകൃഷ്ണന് പകരം മറ്റൊരാളെ കണ്ടെത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദ്യം വിയോജിച്ചെങ്കിലും കെ.ജയകുമാറിനെ പ്രസിഡന്റ് പദവിയിൽ കൊണ്ടുവരാനുള്ള സാഹചര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചതോടെ വഴങ്ങി.
ഇപ്പോൾ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ കെ.രാജു 2006, 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2016-21 കാലയളവിൽ വനം , വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്നു.