വന്ദേഭാരതിലെ ഗണഗീതം: കേന്ദ്ര മന്ത്രിക്ക് പരാതി നൽകും: മന്ത്രി ശിവൻകുട്ടി
ന്യൂഡൽഹി: എറണാകുളം-ബംഗളൂരു വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ
ഇന്ന് വൈകിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ട് രേഖാമൂലം പരാതി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക ചടങ്ങിൽ ആർ.എസ്.എസിന്റെ ഗാനം പാടിയത് പ്രോട്ടോക്കോൾ ലംഘനമാണ്. ഏത് സ്കൂളായാലും മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടി അനുവദിക്കില്ല. സ്കൂളുകൾക്ക് എൻ.ഒ.സി കൊടുക്കുമ്പോൾ ചില ഉപാധികൾ വയ്ക്കാറുണ്ട്. അത് ലംഘിച്ചാൽ എൻ.ഒ.സി പിൻവലിക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ട്. കുട്ടികളുടെ പേരിൽ നടപടി ഉണ്ടാകേണ്ട കാര്യമില്ല.ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പറഞ്ഞ പ്രിൻസിപ്പലിന് ആ വിവരം എവിടെ നിന്ന് കിട്ടിയെന്നറിയില്ല. ബലികുടീരങ്ങൾ പോലെ രാഷ്ട്രീയ പാർട്ടികൾക്ക് എത്രയോ ഗാനങ്ങളുണ്ട്. അവയൊന്നും ദേശഭക്തി ഗാനങ്ങളാക്കിയില്ല. ദേശീയഗാനം പാടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പി.എം ശ്രീ പദ്ധതി ചർച്ചയാകില്ലെന്നും ശിവൻകുട്ടി അറിയിച്ചു.
അന്വേഷണം
നടത്തും
സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ
ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്ത്
അറിയിച്ചു. മതേതരത്വ ദേശീയത ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും, അത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗണഗീതം: സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
കൊടുങ്ങല്ലൂർ : ആർ.എസ്.എസ് ഗണഗീതം പാടാൻ കുട്ടികളെ വിട്ടുകൊടുത്ത സ്കൂളിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഔദ്യോഗിക ചടങ്ങിൽ ആർ.എസ്.എസ് ഗണഗീതം കുട്ടികളെക്കൊണ്ട് പാടിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാൻ പാടില്ല. സമ്മർദ്ദം കൊണ്ടാണ് ആദ്യം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ പിൻവലിച്ച ശേഷം റെയിൽവേ വീണ്ടും പോസ്റ്റ് ചെയ്തത്. രാഷ്ട്രീയവത്കരണം നാട്ടുകാരുടെ ചെലവിൽ നടക്കില്ല. തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും രാഷ്ട്രീയ പ്രവർത്തനം നടത്താൻ നവകേരള സർവേ എന്ന പേരിൽ സർക്കാർ ചെലവിൽ സ്ക്വാഡ് രൂപീകരിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും. ആർ.എസ്.എസ് ഗണഗീതം പാടിയതും സർക്കാർ ചെലവിലുള്ള സി.പി.എം സർവേയും ഒരു പോലെയാണ്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന് സർക്കാർ മേനി പറയുമ്പോഴാണ് അട്ടപ്പാടിയിൽ ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ രണ്ട് കുട്ടികൾ മരിച്ചത്. ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി സിസ്റ്റം തകർത്ത മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം. അഞ്ച് നയാപൈസ ഖജനാവിൽ ഇല്ലാതെ കേരളം കടത്തിന്റെ കാണാക്കയത്തിലേക്ക് ആണ്ടുകൊണ്ടിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
റെയിൽവെ നടപടി ഭരണഘടനാ വിരുദ്ധം: സി.പി.എം
തിരുവനന്തപുരം: എറണാകുളം- ബംഗളുരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സ്കൂൾ കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ച ദക്ഷിണ റെയിൽവെയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് . വന്ദേഭാരത് സർവീസ് പ്രധാനമന്ത്രി വാരാണസിയിൽ ഓൺലൈനായി ഫ്ളാഗ് ഓഫ് ചെയ്ത ശേഷമാണ് ദേശഭക്തിഗാനമെന്ന മറവിൽ കുട്ടികളെക്കൊണ്ട് ആർ.എസ്.എസിന്റെ ഗണഗീതം പാടിച്ചത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ മാറി നിന്ന, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന, ഇന്ത്യൻ ഭരണഘടനയെയും ദേശീയ പതാകയെയും മാനിക്കാത്ത പ്രത്യയശാസ്ത്രത്തിന്റെ ഉടമകളാണ് ആർ.എസ്.എസ്. അവരുടെ ഗണഗീതം ദേശഭക്തിയല്ല, മറിച്ച് വിദ്വേഷവും വെറുപ്പുമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യ എന്ന ആശയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച റെയിൽവെയെത്തന്നെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്. മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തെ വർഗീയവത്കരിക്കാൻ നേരത്തേ ഗവർണർ ഓഫീസിനെ ഉപയോഗിച്ചതുപോലെ ഇപ്പോൾ പൊതുമേഖലാ സ്ഥാപനമായ റെയിൽവെയെയും ഉപയോഗിക്കുകയാണ്. വർഗീയ പ്രചാരണത്തിന് കുട്ടികളെപ്പോലും കരുവാക്കുന്ന റെയിൽവെയുടെ നടപടി അങ്ങേയറ്റവും അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
റെയിൽവേ ആർ.എസ്.എസിന്റെ തറവാട്ട് വകയല്ല - മന്ത്രി ഡോ.ആർ.ബിന്ദു
തൃശൂർ: വന്ദേഭാരതിന്റെ ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റെയിൽവേ ആർ.എസ്.എസിന്റെ തറവാട്ട് വകയല്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. ആർ.എസ്.എസ് തീവ്രവാദ സംഘടനയാണ്. ആ സംഘടനയുടെ ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് ശരിയല്ല. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച സ്കൂൾ അധികാരികൾക്കാണ് ഉത്തരവാദിത്തം. പരിപാടി നടത്തിയവർ മറുപടി പറയണമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.