വേണുവിന്റെ മരണത്തിൽ മെഡി.കോളേജിന് ക്ളീൻചിറ്റ്, മരണകാരണം ചികിത്സാ പിഴവല്ല
തിരുവനന്തപുരം: സാധുകുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വേണുവിനെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ വെള്ളപൂശി പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
മരണത്തിനു കാരണം ചികിത്സാപ്പിഴവല്ലെന്നാണ് കണ്ടെത്തൽ.
മാനദണ്ഡങ്ങൾ പാലിച്ച് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകിയെന്നാണ് വിലയിരുത്തൽ.
ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തതയും കെടുകാര്യസ്ഥതയും ബന്ധപ്പെട്ടവരുടെ അനാസ്ഥയും മറച്ചുപിടിക്കുന്ന
റിപ്പോർട്ടാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ തയ്യാറാക്കുന്നതെന്ന ആക്ഷേപം ശക്തമായി.
യഥാസമയം ചികിത്സ കിട്ടാത്തതാണ് കൊല്ലം ചവറ സ്വദേശി കെ.വേണുവിന്റെ മരണത്തിനു കാരണമെന്ന കുടുംബത്തിന്റെ ആരോപണവും ആശുപത്രിയിലെ ദുരിതത്തെ കുറിച്ച് വേണു പുറത്തുവിട്ട ശബ്ദ സന്ദേശവും വിവാദമായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും കേസ് ഷീറ്റിൽ അപാകതകളില്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. ചികിത്സാ വീഴ്ചയില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരും മൊഴി നൽകിയിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി.കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും.
ഡി.എം.ഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക.
``അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയില്ല.``
- വേണുവിന്റെ ഭാര്യ സിന്ധു
ശിവപ്രിയയുടെ മരണവും
പ്രത്യേക സംഘം അന്വേഷിക്കും
പ്രസവത്തെ തുടർന്ന് കരിക്കകം സ്വദേശി ശിവപ്രിയ മരിച്ച സംഭവവും ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ചികിത്സാപ്പിഴവിനെ തുടർന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
റിപ്പോർട്ട് ഡോക്ടർമാരെ രക്ഷിക്കാൻ: സിന്ധു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചവറ പന്മന പൂജാഭവനിൽ വേണു മരിച്ചത് ചികിത്സയിലെ വീഴ്ച കൊണ്ടല്ലെന്ന അന്വേഷണ റിപ്പോർട്ടിനെതിരെ ഭാര്യ സിന്ധു രംഗത്ത്. വേണുവിന് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്നതിന്റെ തെളിവാണ് രക്തപരിശോധനാ റിപ്പോർട്ടെന്ന് സിന്ധു പറയുന്നു. ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർമാരെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ് റിപ്പോർട്ട്. ഇതിനെതിരെ ശക്തമായി പോരാടും.
കഴിഞ്ഞ ഒന്നിന് ജില്ലാ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ ക്രിയാറ്റിൻ ലെവൽ 1.66 ആയിരുന്നു. രണ്ടിന് മെഡിക്കൽ കോളേജിലെ എ.സി.ആർ ലാബിൽ നടത്തിയ പരിശോധനയിൽ 26.9ന് മുകളിലായിരുന്നു. വേണ്ട ചികിത്സ നൽകിയെന്നാണ് അധികൃതർ പറയുന്നത്. മതിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ക്രിയാറ്റിൻ ലെവൽ ഇത്രയധികം ഉയരില്ലായിരുന്നു.
ക്രിയാറ്റിൻ ലെവൽ 26.9ന് മുകളിലേക്ക് ഉയർന്നത് വളരെ ഗുരതരമായ സ്ഥിതിയാണ്. ഇക്കാര്യം കൂട്ടിരിപ്പുകാരിയായ തന്നെ അറിയിച്ചിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും നിരീക്ഷണത്തിലാക്കേണ്ട അവസ്ഥയിലായിരുന്നു വേണു. രക്തപരിശോധനാ ഫലം വന്നിട്ടുപോലും ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്തില്ല. മരിക്കാറായപ്പോഴാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.