കെ.സുധാകരനും സമുദായവും തഴയപ്പെട്ടു: സ്വാമി സച്ചിദാനന്ദ
കൊച്ചി: കെ. സുധാകരനും അദ്ദേഹത്തിന്റെ സമുദായവും കേരളത്തിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് മുച്ചൂടും തഴയപ്പെട്ടതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ. രാഘവൻ പുരസ്‌കാരം കെ. സുധാകരന് നൽകിയ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി നേതൃപദവികളിൽ നിന്ന് കെ. സുധാകരൻ പുറന്തള്ളപ്പെട്ടതിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഖിന്നരാണ്. സുധാകരനെ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്നുവെന്ന യുക്തിയാണ് പലരും പറയുന്നത്. എന്നാൽ സുധാകരന്റെ ആരോഗ്യം പോലും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനില്ല.കേരളത്തിൽ 28 ശതമാനം ജനങ്ങളുള്ള വിഭാഗത്തിൽ നിന്ന് കോൺഗ്രസിന് ഒരു എം.എൽ.എ മാത്രമേയുള്ളൂവെന്ന് മുമ്പ് രാഹുൽഗാന്ധി ശിവഗിരിയിലെത്തിയപ്പോൾ താൻ പറഞ്ഞതാണ്. ഒപ്പമുണ്ടായിരുന്ന സുധാകരനും ഈ ദുര്യോഗം രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ ഭരണതലത്തിൽ നിന്ന് വർഷങ്ങളായി പിന്തള്ളപ്പെടുന്നവരുടെ ദുരവസ്ഥ മനസിലാക്കണം. സാമൂഹ്യനീതിക്ക് വേണ്ടി നിലകൊണ്ടില്ലെങ്കിൽ നാം പിന്തള്ളപ്പെട്ടുപോകുമെന്നും സ്വാമി പറഞ്ഞു.
സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണെന്ന്
കെ. സുധാകരൻ പ്രസംഗത്തിൽ പ്രതികരിച്ചു.ബഹുസ്വരതയും മതേതരത്വവും നിലനിർത്തുന്നതിൽ ശ്രീനാരായണ സന്ദേശങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് പുരസ്കാരദാനം നിർവഹിച്ച മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്‌സൺ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, പി.വി. മിനി, എം.വി. ബെന്നി, സേവാസംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ പ്രസംഗിച്ചു.