ഒരേസമയം നഗരസഭാ ചെയർമാൻ, എം.എൽ.എ, 'കു‌ഞ്ഞാപ്പ"യുടേത് വേറിട്ട ചരിത്രം

Monday 10 November 2025 12:50 AM IST

കോഴിക്കോട്: ഒരേസമയം നഗരസഭാ ചെയർമാനും എം.എൽ.എയും. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം ഇതിനും സാക്ഷ്യം വഹിച്ചു. 1979- 84 കാലഘട്ടത്തിൽ 27-ാം വയസിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭാ ചെയർമാനാകുന്നത്. ഇതിനിടെ 1982ൽ മലപ്പുറത്ത് നിന്നുതന്നെ നിയമസഭ അംഗമാവാനും നിയോഗമുണ്ടായി. പിന്നീട് പലകാലഘട്ടത്തിലായി മൂന്നുതവണ വ്യവസായ മന്ത്രി. പാർട്ടിയിലും മുന്നണിയിലും ഏറ്റെടുക്കാത്ത പദവികളില്ല. ഇ.അഹമ്മദ് അന്തരിച്ചപ്പോൾ മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ നിയമസഭാ പ്രതിപക്ഷ ഉപനേതാവുകൂടിയാണ് 74കാരനായ മലപ്പുറംകാരുടെ സ്വന്തം കുഞ്ഞാപ്പ.

1951 ജനുവരി 6ന് മലപ്പുറം പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി.ഫാത്തിമ്മക്കുട്ടിയുടേയും മകനായാണ് കുഞ്ഞാലിക്കുട്ടി ജനിച്ചത്. കെ.എം.കുൽസു ആണ് ഭാര്യ. ലസിത, ആഷിഖ് എന്നിവരാണ് മക്കൾ.

 ഒന്നും വലുതുമല്ല, ചെറുതുമല്ല. വീറും വാശിയുമാണ് ഒരു പോരാളിക്ക് വേണ്ടത്. നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിക്കുമ്പോൾ പണ്ട് വാർഡിലേക്ക് മത്സരിച്ച അതേ ആവേശമായിരുന്നു. സത്യസന്ധതയും കണിശതയും ഹൃദയവിശാലതയുമാണ് പ്രധാനം.

- പി.കെ.കുഞ്ഞാലിക്കുട്ടി