നായകൾക്ക് ആരു മണികെട്ടും ? തലപുകച്ച് സർക്കാർ

Monday 10 November 2025 12:52 AM IST

തിരുവനന്തപുരം: ആവശ്യത്തിന് വന്ധ്യംകരണ കേന്ദ്രങ്ങൾ പോലും ആരംഭിക്കാൻ കഴിയാതിരിക്കെ തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന പ്രതിസന്ധിയിലാണ് സർക്കാർ. നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശ വകുപ്പ് ശ്രമം ആരംഭിച്ചപ്പോൾ മിക്ക പഞ്ചായത്തുകളും എതിർത്തിരുന്നു. ആ സാഹചര്യത്തിൽ സ്ഥിരമായി പാർപ്പിക്കുന്ന കേന്ദ്രം എങ്ങനെ തുടങ്ങാനാകുമെന്നാണ് സർക്കാർ ചിന്തിക്കുന്നത്. വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് എ.സി മുറി, എ.സി ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവ വേണമെന്ന നിബന്ധനകൾ കൂടി ഉൾപ്പെടുത്തി കേന്ദ്രം നിയമം പരിഷ്കരിച്ചതും ചെലവേറുന്നതിന് കാരണമായി.

6 ലക്ഷത്തിൽ നിന്നും 9 ലക്ഷമായി

തെരുവുനായകളെ കൊന്നൊടുക്കുന്നതിന് നിയമവിലക്ക് വരുകയും വന്ധ്യംകരണം ഫലപ്രദമല്ലാതാവുകയും ചെയ്തതോടെ സംസ്ഥാനത്തെ തെരുവുനായകളുടെ എണ്ണം 9 ലക്ഷം എത്തി. 2019-20ൽ 7 ലക്ഷമായിരുന്നു. 2015-16 ൽ മൂന്നു ലക്ഷമായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണക്കാണിത്.

2022 ഒക്ടോബർ 20 മുമ്പായി എല്ലാ തെരുവുനായകൾക്കും പേവിഷ വാക്സിൻ നൽകാനായി മൃഗസംരക്ഷണ വകുപ്പ് തീവ്രയജ്ഞ വാക്സിനേഷൻ നടത്തി.

 കുത്തിവച്ചത് 10% നായകൾക്ക് മാത്രം

 ഡോഗ് ക്യാച്ചേഴ്‌സിന്റെ കുറവ് കാരണം പല പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ചിട്ടില്ല

 തെരുവുനായകളുടെ എണ്ണത്തിൽ സംസ്ഥാനത്താകെ 170 ഹോട്ട്സ്പോട്ടുകളാണുള്ളത്‌