രണ്ടരവർഷം, പഞ്ചായത്ത് ഭരണമില്ലാതെ ലക്ഷദ്വീപ്

Monday 10 November 2025 12:53 AM IST

ആലപ്പുഴ: കേരളം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പ‌ഞ്ചായത്ത് ഭരണസമിതിയില്ലാതെ ലക്ഷദ്വീപ്. 2023 ജനുവരി 17ന് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും 22ന് ജില്ലാ പഞ്ചായത്തിന്റെയും കാലാവധി അവസാനിച്ചതാണ്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതാണ് തിരഞ്ഞെടുപ്പുകൾ നീണ്ടുപോകാൻ കാരണം. എം.പിയായ മുഹമ്മദ് ഹംദുള്ള സഈദാണ് ലക്ഷദ്വീപിലെ ഏക ജനപ്രതിനിധി. പഞ്ചായത്ത് ഭരണസ്തംഭനം കാരണം റോഡ് നിർമ്മാണം, നാളികേര സംഭരണ യൂണിറ്റുകൾ, ഫിഷിംഗ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ,​ രാഷ്ട്രീയ പാർട്ടികളോ തിരഞ്ഞെടുപ്പിനായി ഒരു നീക്കവും നടത്തുന്നില്ലെന്ന് ദ്വീപുകാർ പറയുന്നു.

ത‌ർക്കം തിരിച്ചടി

10 പഞ്ചായത്തുകളുള്ള ലക്ഷദ്വീപിനെ 18 പഞ്ചായത്തുകളായി വിഭജിക്കാൻ ഭരണകൂടം തീരുമാനിച്ചതിനെത്തുടർന്ന് കവരത്തി മുൻ വൈസ് ചെയർപേഴ്‌സൺ നസീർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്രയും പഞ്ചായത്തുകളാക്കാനുള്ള ജനസാന്ദ്രത ദ്വീപിലില്ലെന്ന് കണ്ടെത്തി ഹൈക്കോടതി തീരുമാനം റദ്ദാക്കി. ഇതിനെതിരെ അഡ്മിനിസ്‌ട്രേഷൻ നൽകിയ അപ്പീൽ നിലനിൽക്കുകയാണ്. ഇക്കാര്യങ്ങളിൽ തീരുമാനമാകാതെ തിരഞ്ഞെടുപ്പ് നടത്താനാവില്ല. നിലവിൽ പത്ത് ദ്വീപുകളുടെയും നടത്തിപ്പ് ചുമതല സ്‌പെഷ്യൽ ഓഫീസർമാർ, എക്‌സിക്യുട്ടീവ് ഓഫീസർ (പഞ്ചായത്ത് സെക്രട്ടറി) എന്നിവർക്കാണ്.

ദ്വീപുകളും 18

പഞ്ചായത്തുകളും

മിനിക്കോയ്: 3

അന്ത്രോത്ത്: 3

കവരത്തി: 3

അഗത്തി: 2

അമിനി: 2

കടമത്ത്: 2

കൽപേനി:1

ചെത്ത്‌ലാത്ത്:1

കിൽത്തൻ: 1