ചവറ വിജയൻ പകർന്ന കരുത്തോടെ ഇന്ദിര വിജയൻ

Monday 10 November 2025 12:49 AM IST
ചവറ വി​ജയൻ

കൊല്ലം: ചവറ വിജയൻ സാറിന്റെ ആത്മസമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി കേരളകൗമുദി വായനക്കാരിലെത്തിക്കുന്ന ദൗത്യം കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സഹധർമ്മിണിയായ ഇന്ദിരവിജയൻ. ചവറ വിജയൻ അന്തരിച്ചതോടെ കേരളകൗമുദി ഏജൻസി ഏറ്റെടുത്ത മകൻ വി.ഐ അജിത്ത് ലാലിന് എല്ലാ പിന്തുണയും നൽകുന്നത് റിട്ട. അദ്ധ്യാപികയായ ഇന്ദിര ടീച്ചറാണ്.

ചവറ വിജയന്റെ പിതാവ് പി.എസ്. നാരായണപ്പണിക്കർ കേരളകൗമുദി ഏജന്റായിരുന്നു. പതിമൂന്നാം വയസ് മുതൽ ചവറ വിജയൻ പത്രവിതരണത്തിൽ അച്ഛന്റെ സഹായിയായി. അതിരാവിലെ ഉണർന്ന് സൈക്കിളിൽ ചവറയിലാകെ ചുറ്റിക്കറങ്ങി കേരളകൗമുദി വിതരണം ചെയ്ത ശേഷമാണ്, പഠനത്തിൽ മിടുക്കനായിരുന്ന വിജയൻ സ്കൂളിലേക്ക് പോയിരുന്നത്. മലയാളസാഹിത്യത്തിൽ എം.എയും ബി.എഡും എടുത്ത അദ്ദേഹത്തിന് കോളേജ് അദ്ധ്യാപകനായി തിരുവനന്തപുരത്ത് ജോലി ലഭിച്ചു. പത്ര ഏജൻസി നടത്തിപ്പിൽ അച്ഛനെ സഹായിക്കാനായി ജോലി ഉപേക്ഷിച്ചു. പിന്നീട് ഗ്രാമവികസന വകുപ്പിലും തൊട്ടുപിന്നാലെ ഹൈസ്കൂൾ അദ്ധ്യാപകനായും സർക്കാർ ജോലി ലഭിച്ചതോടെ ഏജൻസി സഹോദരൻ സത്യദേവപ്പണിക്കരുടെ പേരിലേക്ക് മാറ്റി.

1989ൽ വിരമിച്ചതോടെ ചവറ വിജയൻ പത്ര ഏജൻസി ഏറ്റെടുത്തു. ഒപ്പം ചവറയിലെ കേരളകൗമുദി ലേഖകനായും മാറി. 2019 ഒക്ടോബർ 30ന് ആദ്ദേഹം യാത്ര പറഞ്ഞു. അതിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ തളർത്തും വരെ ചവറയുടെ സ്പന്ദനങ്ങളെല്ലാം കേരളകൗമുദിയിൽ വാർത്തയാക്കി. നാട്ടി​ലെ നിരവധി ജനകീയ പ്രശ്നങ്ങൾക്ക് അദ്ദേഹം വാർത്തകളിലൂടെ പരിഹാരം സമ്മാനിച്ചിട്ടുണ്ട്. കലാസാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.

പത്രാധിപരുമായി ഹൃദയബന്ധമുണ്ടായിരുന്ന, കേരളകൗമുദിയുടെ ആത്മബന്ധു കൂടിയായിരുന്നു ചവറ വിജയൻ. സർക്കാർ സർവീസിൽ ഇരിക്കുമ്പോഴും കേരളകൗമുദിയുടെ പ്രചാരണത്തിനായി അദ്ദേഹം ആത്മാർത്ഥമായ ഇടപെടലുകൾ നടത്തിയിരുന്നു. ചവറ വജിയന്റെ മൂത്തമകനും എക്സൈസിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസറുമായ വി.ഐ. അരുൺലാൽ അമ്മയ്ക്കും സഹോദരനും പിന്തുണയുമായി ഒപ്പമുണ്ട്.