ശങ്കരമംഗലത്തെ അടിപ്പാത തുറക്കണം

Monday 10 November 2025 12:54 AM IST

ചവറ: ദേശീയപാതയിൽ ശങ്കരമംഗലത്ത് അടിപ്പാത നിർമാണം പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിനായി തുറന്നു കൊടുക്കാത്തതിനാൽ ശങ്കരമംഗലം ജംഗ്ഷനിൽ യാത്രാ ക്ലേശം രൂക്ഷമായെന്ന് കലാസരിത്ത് സാംസ്കാരിക സമിതി ആരോപിച്ചു. റോഡിന്റെ മറുവശം കടക്കാൻ പൊലീസ്‌ സ്റ്റേഷനു സമീപമുണ്ടായിരുന്ന വഴി അടച്ചതോടെ വാഹനത്തിൽ കോവിൽത്തോട്ടം റോഡിൽ നിന്നു കൊല്ലം ഭാഗത്തേക്കുള്ളവർ രണ്ട് കിലോമീറ്റർ ചുറ്റി ടൈറ്റാനിയം ജംഗ്‌ഷനിലെ അടിപ്പാതയിലൂടെ വേണം പോകാൻ. ശങ്കരമംഗലത്തും പരിസരത്തുമുള്ള സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് പ്രതിദിനം ഇതുവഴി വന്നു പോകുന്നത്. സർക്കാർ ഓഫീസുകളും കോടതികളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ശകരമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സർവീസ് റോഡിനു സമീപം കയറു കെട്ടി തിരിച്ച് ഓട്ടോ സ്റ്റാൻഡ് ഉണ്ടാക്കിയിരിക്കുന്നതിനാൽ ബസ് യാത്രക്കാർക്ക് നിൽക്കാനുള്ള സൗകര്യവും കുറവാണ്. എത്രയും വേഗം അടിപ്പാത തുറക്കണമെന്ന് സമിതി പ്രസിഡന്റ് ചവറ സുരേന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.