കാത്തിരിക്കുന്നത് സാധാരണക്കാര്‍, പ്രതിസന്ധി കാരണം വില്‍ക്കാനാകാതെ ഉടമകള്‍

Monday 10 November 2025 1:01 AM IST

വിലയിലെ ചാഞ്ചാട്ടം വില്‍പ്പനയ്ക്ക് തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ ജുവലറി മേഖലയ്ക്ക് ആശങ്ക സൃഷ്ടിച്ച് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം രൂക്ഷമാകുന്നു. ഒരു മാസമായി രാജ്യാന്തര വിലയില്‍ പ്രതിദിനം അസാധാരണമായ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും വ്യാപാര സംഘര്‍ഷങ്ങളുമാണ് നിക്ഷേപകരുടെ വിശ്വാസത്തെ ബാധിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഷട്ട്ഡൗണ്‍ അനിശ്ചിതമായി നീളുന്നതിനാല്‍ പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്.

ഒക്ടോബര്‍ 17ന് ട്രോയ് ഔണ്‍സിന് 4,380 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണ വില പിന്നീട് കുത്തനെ ഇടിഞ്ഞു.ഇതോടെ 97,360 രൂപയിലെത്തി റെക്കാഡിട്ടതിനു ശേഷം കേരളത്തില്‍ പവന്‍ വില മൂക്കുകുത്തി. റെക്കാഡ് ഉയരത്തില്‍ നിന്നു വിലയില്‍ പത്ത് ശതമാനം ഇടിവാണുണ്ടായത്. പല ദിവസങ്ങളിലും വിലയില്‍ രണ്ട് തവണ മാറ്റമുണ്ടായി. ഇതോടെ ചെറുകിട ഉപഭോക്താക്കള്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

നിലവില്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നതിന് മാത്രമാണ് ഉപഭോക്താക്കള്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ നിന്ന് വിലയില്‍ കാര്യമായ ഇടിവുണ്ടാകില്ലെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് ഭാരവാഹികള്‍ പറയുന്നു.

വിപണി ഉറ്റുനോക്കുന്നത്

1. അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകള്‍

2. വ്യാപാര തീരുവയില്‍ അമേരിക്കന്‍ കോടതി തീരുമാനം

3. അമേരിക്കന്‍ സര്‍ക്കാരിന്റെ ഷട്ട്ഡൗണില്‍ രാഷ്ട്രീയ ധാരണ

4. വിപണിയില്‍ പണമെത്തിക്കാനുള്ള ഫെഡറല്‍ റിസര്‍വ് നീക്കം