അന്തർസംസ്ഥാന സർവീസുകൾ നിറുത്താൻ ടൂറിസ്റ്റ് ബസുടമകൾ
കൊച്ചി: അന്തർ സംസ്ഥാന സർവീസുകൾ ഇന്ന് മുതൽ നിറുത്തിവയ്‌ക്കാൻ കേരളത്തിലെ ടൂറിസ്റ്റ് ബസുടമകളുടെ സംഘടന. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഓടുന്ന ബസുകൾക്ക് തമിഴ്നാട്ടിലും കർണാടകയിലും മോട്ടോർവാഹന വകുപ്പ് നികുതിയും കനത്ത പിഴയും ചുമത്തുന്നതിൽ പ്രതിഷേധിച്ചാണിത്. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ കേരളയുടെ കീഴിലുള്ള 300ഓളം ബസുകൾ ഇന്ന് വൈകിട്ട് ആറ് മുതൽ സർവീസ് നിറുത്തുമെന്നും പരിഹാരത്തിനായി ഇടപെടൽ ആവശ്യപ്പെട്ടും അസോസിയേഷൻ സംസ്ഥാനസമിതി ഗതാഗത മന്ത്രി കെ.ബി. ഗണേശ്‌കുമാറിന് കത്ത് നൽകി.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത ബസുകൾക്ക് മറ്റ്സംസ്ഥാനങ്ങളിൽ ഓടാൻ നികുതി ഒടുക്കേണ്ടതില്ലെന്ന് നിയമമുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് തമിഴ്നാടിന്റെ നടപടി. തമിഴ്നാട്ടിൽ കർണാടക ടൂറിസ്റ്റ് ബസുകൾക്ക് പിഴ ചുമത്തുന്നത് കണക്കിലെടുത്ത് കഴിഞ്ഞ രണ്ടാഴ്ചയായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 160 ടൂറിസ്റ്റ് ബസുകൾക്ക് കർണാടക മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. സർവീസുകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തിൽ റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് നിരക്കുകൾ റീഫണ്ട് ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.ജെ. റിജാസ് അറിയിച്ചു.
പിഴ ഒരു ലക്ഷം
വരെ
കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകൾക്ക് ഒരു ലക്ഷം രൂപ വരെയാണ് തമിഴ്നാട്ടിൽ പിഴയിടാക്കുന്നത്. പിന്നാലെ തമിഴ്നാട് ടൂറിസ്റ്റ് ബസുകൾക്കെതിരെ കേരളവും നടപടികളുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നുള്ള 25 ടൂറിസ്റ്റ് ബസുകൾക്ക് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിലെ ടൂറിസ്റ്റ് ബസുടമകൾ പ്രതിഷേധവുമായി രംഗത്തെത്തി.