കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് യുവാവ് കായലിൽ ചാടി

Monday 10 November 2025 3:25 AM IST

തെരച്ചിൽ വൈകി; പാലം ഉപരോധിച്ചു

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ വരുന്നതിനിടെ രാത്രി കായലിൽ ചാടിയ യുവാവിനെ കണ്ടെത്താൻ ഫയർഫോഴ്സ് തെരച്ചിൽ നടത്താത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും ഇടക്കൊച്ചിയിൽ പാലം ഉപരോധിച്ചു.

കണ്ണങ്ങാട്ട് പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു ഉപരോധം. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സതീശന്റെ മകൻ ശ്രീരാഗാണ് (19) രാത്രി ഏഴേകാലോടെ പാലത്തിൽ നിന്ന് കായലിൽ ചാടിയത്. പള്ളുരുത്തി പൊലീസ് അറിയിച്ചതിനെ തുടർന്ന് എറണാകുളത്ത് നിന്ന് ക്ലബ്റോഡ് ഫയർഫോഴ്സ് രാത്രി ഏഴരയോടെ ഇവിടെയെത്തിയെങ്കിലും രാത്രിയായതും വേലിയിറക്കമായതും രക്ഷാപ്രവർത്തനത്തിന് തടസമായി.

കായലിൽ തെരച്ചിൽ നടത്താൻ ഫയർഫോഴ്സ് വൈകിയതാണ് നാട്ടുകാരെയും ബന്ധുക്കളെയും ക്ഷുഭിതരാക്കിയത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാതെയാണ് സേനാംഗങ്ങൾ എത്തിയതെന്ന് ആരോപിച്ച് സ്ത്രീകളുൾപ്പെടെ പാലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ഡിങ്കിയെത്തിച്ച് തെരച്ചിൽ നടത്താമെന്ന് ഫയർഫോഴ്സ് അറിയിച്ചതോടെ ആദ്യ ഉപരോധം തീർന്നു.

ഇതിന് ശേഷം ഡിങ്കിയെത്തിച്ചെങ്കിലും പാലത്തിനടുത്ത് നിന്ന് ഇറക്കാൻ സാധിച്ചില്ല. തു‌ട‌ർന്ന് ഫയർഫോഴ്സ് സംഘം ഡിങ്കി ഇറക്കാൻ കായലിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അനുയോജ്യമായ സ്ഥലം തിരക്കുന്നതിനിടെ യുവാവിന്റെ കുടുംബം പ്രതിഷേധവുമായി വീണ്ടും പാലത്തിൽ കുത്തിയിരുന്നു. കൗൺസിലർ അഭിലാഷ് തോപ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗതാഗത തടസമുണ്ടായതോടെ വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ടു. രാത്രി വൈകി സ്കൂബ സംഘം തെരച്ചിലിന് എത്തിയതോടെ സ്ഥിതി ശാന്തമായി. രാത്രി വൈകിയും തെരച്ചിൽ തുടരുന്നു.

പോളിടെക്നിക്ക് വിദ്യാർത്ഥിയായ ശ്രീരാഗ് വൈകിട്ട് മാതാവിന്റെ ജന്മനാടായ തേവര ഫെറിയിൽ പോയിരുന്നു. ഇവിടെ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ജീവനൊടുക്കുമെന്ന് പറഞ്ഞു. പന്തികേട് തോന്നിയ സുഹൃത്തുക്കൾ രണ്ട് ബൈക്കുകളിലായി ശ്രീരാഗുമായി ഇടക്കൊച്ചിയിലെ വീട്ടിലേക്ക് വരും വഴിയാണ് കായലിൽ ചാടിയത്. പാലത്തിന് മദ്ധ്യഭാഗത്ത് എത്തിയപ്പോൾ കാലിന് വേദനയുണ്ടെന്നും ബൈക്ക് നിർത്താനും ആവശ്യപ്പെട്ടു. തു‌ടർന്ന് പിന്നിൽ നിന്നിറങ്ങി കായലിൽ ചാടുകയായിരുന്നു.