ഫോഴ്സയ്ക്ക് ആറാം തോൽവി
കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ്.സിക്ക് തുടർച്ചയായ ആറാം തോൽവി. ഇന്നലെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്സി 6-2നാണ് കൊച്ചിയെ തോൽപ്പിച്ചത്. കാലിക്കറ്റ് എഫ്സിക്കായി യുവതാരം മുഹമ്മദ് അജ്സൽ ഹാട്രിക്ക് നേടി. ക്യാപ്ടൻ പ്രശാന്ത് രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന്റെ ബൂട്ടിൽ നിന്നാണ്. ലീഗിൽ അഞ്ച് ഗോളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി കാലിക്കറ്റ് ഒന്നാംസ്ഥാനത്തേക്ക് കയറി. ആറും തോറ്റ കൊച്ചി പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്. ഇന്ന് കണ്ണൂർ വാരിയേഴ്സ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
ദക്ഷിണാഫ്രിക്ക എയ്ക്ക് ചരിത്ര ജയം
ബംഗളൂരു: രണ്ടാം അൺഒഫീഷ്യൽ ടെസ്റ്റിൽ ഇന്ത്യ എ ഉയർത്തിയ 417 റൺസിന്റെ വമ്പൻ വിജയലക്ഷ്യം അവസാന ദിനം ചേസ് ചെയ്‌ത് 5 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ദക്ഷിണാഫ്രിക്ക എ. എ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിൽ ചേസ് ചെയ്‌ത് നേടുന്ന ഏറ്രവും വലിയ ജയമാണിതെന്നാണ് റിപ്പോർട്ട്.
25/0 എന്ന നിലയിൽ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ജോർദാൻ ഹെർമാൻ (91), ലെസെഗോ സെനോക്വാനെ (77), ടെംബ ബൗമ (59), കോണോർ എസ്റ്റോർഹുയിസെൻ (പുറത്താകാതെ 52) എന്നിവരുടെ അർദ്ധ സെഞ്ച്വറി കളുടെ പിൻബലത്തിലാണ് അവസാനദിനം അവസാനിക്കാറകവെ വിജയത്തിലെത്തിയത്. മുഹമ്മദ് സിറാജ്, ആകാശ് ദിപ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് തുടങ്ങി യ പ്രമുഖ ർ ഇന്ത്യൻ നിരയി ഉണ്ടായിരുന്നെങ്കിലും ഇംപാക്‌ട് ഉണ്ടാക്കാനായില്ല. ദക്ഷിണാഫ്രിക്ക ജയമുറപ്പിച്ചതോടെ അവസാന രണ്ട് ഓവറുകൾ സായി സുദർശനും ദേവ്‌ദത്ത് പടിക്കലുമാണ് എറിഞ്ഞത്.
ഇതോടെ 2 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.