കൊച്ചി നഗരത്തിൽ ജലസംഭരണിയുടെ പാളി തകർന്ന് അപകടം, പൊളിഞ്ഞത് ഒന്നേകാൽ കോടി ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക്
കൊച്ചി: തമ്മനത്ത് ജലഅതോറിറ്റിയുടെ കൂറ്റൻ ടാങ്ക് തകർന്ന് പ്രദേശത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. ഉരുൾപൊട്ടലടക്കം ഉണ്ടാകുന്നതിന് സമാനമായ ജലപ്രവാഹമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന സ്ഥലവാസികൾ ശബ്‌ദം കേട്ടുണരുമ്പോൾ വെള്ളം കുതിച്ചെത്തുന്നതാണ് കണ്ടത്.
ഒന്നേകാൽ കോടി ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കിന്റെ ഭിത്തിയിൽ വലിയ വിള്ളലാണ് ഉണ്ടായത്. ആലുവ ഭാഗത്ത് നിന്നും വരുന്ന ജലമാണ് ഇവിടെ സംഭരിച്ചിരുന്നത്. വെള്ളം സമീപത്തെ പത്തിലേറെ വീടുകളിലേക്ക് കുതിച്ചെത്തിയതോടെ ഇവിടങ്ങളിലെ ടിവി, ഫ്രിഡ്‌ജ് പോലെ പല വീട്ടുപകരണങ്ങളും തകരാറിലായി. മാത്രമല്ല ഇടവഴികളിലൂടെ വെള്ളം ഒഴുകിയെത്തിയതോടെ പാർക്ക് ചെയ്‌തിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഒഴുകിനീങ്ങി. പാർക്ക് ചെയ്‌ത കാറിന് മുകളിലേക്ക് വീടിന്റെ മതിൽ തകർന്നുവീണും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്.
രാത്രിയിൽ വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയത് ഒരുമണിക്കൂറോളം കഴിഞ്ഞാണ് കുറഞ്ഞുതുടങ്ങിയത്. തുടർന്നാണ് ചെളിയും മണ്ണും നീക്കം ചെയ്യാൻ പ്രദേശവാസികൾക്ക് കഴിഞ്ഞത്. ജല അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ജലവിതരണം നടത്തുന്ന ടാങ്കായതിനാൽ ഈ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങുമെന്നാണ് വിവരം.