പത്ത് വർഷത്തെ പ്രയത്നം ഫലം കണ്ടു, ഏത് മോശം കാലാവസ്ഥയും ഉപ്പുവെള്ളവും അതിജീവിക്കുന്ന നെല്ലിനം വരുന്നു
കണ്ണൂർ: ഉത്തര കേരളത്തിലെ തനത് കൃഷിരീതിക്ക് യോജിച്ചതും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുതകുന്നതുമായ നെൽവിത്തുകൾ കേരള കാർഷിക സർവകലാശാല വികസിപ്പിക്കുന്നു. വേലിയേറ്റവും വേലിയിറക്കവും പ്രകൃതിയുടെ താളമായ കൈപ്പാട് പാടങ്ങൾ കേരളത്തിന്റെ കാർഷിക പാരമ്പര്യമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ തനത് കൃഷിരീതിക്ക് മുമ്പില്ലാത്ത വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി 4,100 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന ഈ തീരദേശ നെൽകൃഷി മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേരള കാർഷിക സർവകലാശാല നടത്തുന്ന ഗവേഷണം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഉപ്പുവെള്ളത്തെ അതിജീവിക്കുന്നതിനായി വികസിപ്പിച്ച നെല്ലിനമാണ് പ്രതീക്ഷ പകരുന്നത്. കാലാവസ്ഥാ വ്യതിയാനം കൈപ്പാട് കൃഷിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കടൽവെള്ളത്തിലെ ഉപ്പ് ലവണ സാന്ദ്രത വർദ്ധിക്കുന്നു. മണ്ണിന്റെ ഘടനയിലും ലവണ തോതിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. പാരമ്പര്യ നെല്ലിനങ്ങൾക്ക് പോലും ഈ പുതിയ സാഹചര്യങ്ങളെ നേരിടാൻ പ്രയാസമാവുകയാണ്.
10 വർഷത്തെ ഗവേഷണ ഫലം 2015ൽ ആരംഭിച്ച ഗവേഷണത്തിന്റെ രണ്ടാം ഘട്ടം ഇപ്പോൾ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. ഡോ. പി. വനജയുടെ നേതൃത്വത്തിലുള്ള സംഘം അത്യാധുനിക ജീൻ പിരമിഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപ്പുവെള്ളത്തെ അതിജീവിക്കാൻ കഴിവുള്ള ഐ.ആർ.ഐ ഇനങ്ങൾ, പാരമ്പര്യ നാടൻ വിത്തുകൾ, മുൻപ് വികസിപ്പിച്ച ഏഴോം നെല്ലിനങ്ങൾ എന്നിവയുടെ സങ്കരണത്തിലൂടെയാണ് പുതിയ വിത്തുകൾ വികസിപ്പിക്കുന്നത്. ഒരു വർഷം നീളുന്ന സാങ്കേതിക പ്രക്രിയകൾ പൂർത്തിയാകുമ്പോൾ കർഷകർക്ക് പുതിയ ഇനം ലഭ്യമാക്കാനാവും.
മുൻകാല വിജയങ്ങൾ 2000നും 2015നും ഇടയിൽ നടത്തിയ ആദ്യഘട്ട ഗവേഷണം പ്രധാനപ്പെട്ട നേട്ടങ്ങൾ കൈവരിച്ചിരുന്നു. കൈപ്പാടിന്റെ നാടൻ നെല്ലിനങ്ങൾ ഉപയോഗിച്ച് ഓർഗാനിക് പ്ലാന്റ് ബ്രീഡിംഗും കാർഷിക പങ്കാളിത്തവും അവലംബിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഏഴോം ഒന്ന്, ഏഴോം രണ്ട്, ഏഴോം മൂന്ന്, ഏഴോം നാല് മിഥില എന്നീ നെല്ലിനങ്ങൾ വികസിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ ജൈവ നെല്ലിനങ്ങളായി ഇവ കണക്കാക്കപ്പെടുന്നു. ഈ വിത്തുകൾ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. എന്നാൽ ശാസ്ത്രീയമായ ഗവേഷണത്തിലൂടെയും പാരമ്പര്യ അറിവിന്റെ സംയോജനത്തിലൂടെയും ഈ പ്രതിസന്ധികളെ അതിജീവിക്കാനാവും ഡോ. പി. വനജ, കൃഷി ശസ്ത്രജ്ഞ