പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ
ബിഗ് ബോസിൽ വന്നാൽ ജീവിതമെന്താണെന്ന് പഠിക്കുമെന്ന് നടിയും സീസൺ 7ലെ വിജയിയുമായ അനുമോൾ. അവിടെ നമുക്കാരുമില്ല. എല്ലാവരും ഗെയിം കളിക്കാൻ വന്നതാണ്. അവരുടെ സ്നേഹം യാഥാർത്ഥ്യമാണോയെന്ന് വിശ്വസിക്കാനാകില്ലെന്നും ബിഗ് ബോസിൽ വന്നതിന് ശേഷം ജീവിതമെന്താണെന്ന് നന്നായി പഠിച്ചെന്നും അനു വ്യക്തമാക്കി. വിജയിച്ചതിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
അനുമോൾ പിആറിനായി പതിനാറ് ലക്ഷം നൽകിയെന്ന് സഹമത്സരാർത്ഥികളടക്കം മുമ്പ് പറഞ്ഞിരുന്നു. അത്തരം പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് അനുമോൾ ഇപ്പോൾ. 'വന്ന ടൈമിലേ എന്നെ പിആർ പിആർ എന്നും പറഞ്ഞ് കളിയാക്കിയിരുന്നു. എനിക്ക് പിആർ ഇല്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഞാൻ ചിരിച്ചുകളയത്തേയുള്ളൂ. ഇവിടെ വരുന്നതിനുമുമ്പുതന്നെ എല്ലാവർക്കും പിആർ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. വേണമെങ്കിൽ എനിക്ക് വിളിച്ചുപറയാമായിരുന്നു. പക്ഷേ ഞാൻ മൈൻഡ് ചെയ്തിട്ടില്ലായിരുന്നു.
ഇവിടെ വരുന്നതിന് മുമ്പ് പിആർ ചെയ്യാമെന്ന് പറഞ്ഞ് പത്തിരുപത്തിയഞ്ച് പേർ വിളിച്ചിട്ടുണ്ട്. ചിലർ മനസറിയാൻ വേണ്ടിയായിരിക്കാം. പേയ്മെന്റൊന്നും തരണ്ട, അനുവിനെ ഇവിടംവരെ എത്തിച്ചെന്ന പേര് മതിയെന്നൊക്കെ മൂന്നാല് പേർ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയിട്ട് ഒന്നും ചെയ്യാതിരുന്നാൽ അമ്പത് ലക്ഷം കൊടുത്താലും പിആറിന് ഒന്നും ചെയ്യാനാകില്ല.
ബിഗ് ബോസിൽ ഇത്ര ദിവസം പിടിച്ചുനിൽക്കാനാകുമെന്ന് എനിക്കറിയായിരുന്നു. ആ വീട്ടിൽ ഞാൻ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ഞാൻ കഷ്ടപ്പെട്ടിട്ടാണ് കപ്പ് കിട്ടിയത്. എനിക്ക് പിആർ ഉണ്ട്. അത് പറയുന്നതിന് എനിക്കൊരു കുഴപ്പവുമില്ല. പക്ഷേ ഈ പറയുന്ന പതിനാറ് ലക്ഷമൊന്നും വാരിക്കോരി കൊടുത്തിട്ടില്ല. അത്രയും കാശുണ്ടായിരുന്നെങ്കിൽ എനിക്ക് വീട്ടിൽ നിന്നാൽ മതി. ഇവിടെ വരേണ്ട കാര്യമില്ലായിരുന്നു. വീട്ടിൽ ആർക്കും താത്പര്യമില്ലായിരുന്നു. ഞാൻ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. പിആറിന് ഒരു ലക്ഷമാണ് കൊടുത്തത്. പൈസയുടെ കാര്യത്തിൽ ഞാനൊരു പിശുക്കിയാണ്. വിളിച്ചവരാരും അനുവിനെ ജയിപ്പിച്ചുതരാമെന്ന് പറഞ്ഞിട്ടില്ല.'- അനുമോൾ പറഞ്ഞു.