ജലസംഭരണി തകർന്ന് വീടുകളിലേക്ക് കുതിച്ചെത്തിയത് ഒരു കോടി ലിറ്റർ വെള്ളം, ബൈക്കുകളും കാറുകളും ചെളിയിൽ പുതഞ്ഞു

Monday 10 November 2025 11:18 AM IST

കൊച്ചി: ഏകദേശം 40 കൊല്ലത്തിലധികം പഴക്കമുള്ള വാട്ടർ ടാങ്കാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പൊളിഞ്ഞുപോയത്. ഈ സമയം ടാങ്കിന്റെ ആകെ സംഭരണശേഷിയുടെ 80 ശതമാനത്തോളം വെള്ളമുണ്ടായിരുന്നു എന്നാണ് വിവരം. ആകെ ഒരുകോടി ലിറ്റർ വെള്ളം. കുതിച്ചുവന്ന വെള്ളത്തോടൊപ്പം ചെളിയും മണ്ണും മിക്കവീടുകളുടെ ഉള്ളിലും ഇരച്ചെത്തി. വീടുകളിൽ ഉറക്കത്തിലായിരുന്നവർ ഉണർന്നെത്തിയെങ്കിലും അപകടം നടന്ന് ഒരുമണിക്കൂറിലേറെ സമയം കഴിഞ്ഞ് വെള്ളം കുറഞ്ഞുതുടങ്ങിയ ശേഷമാണ് എന്തെങ്കിലും ചെയ്യാനായത്.

ആ സമയത്തിനകം വീട്ടിലെ ഇലക്‌ട്രിക് സാധനങ്ങൾ പലതിനും കേടുവന്നു. വഴിയിലും വീടുകളിലും നിർത്തിയിട്ടിരുന്ന കാറുകളും ഓട്ടോകളുമടക്കം വാഹനങ്ങളെ ഇരച്ചെത്തിയ വെള്ളം ഒഴുക്കിമാറ്റി. ചെളിയും വെള്ളവും കയറി വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനാകാത്ത അവസ്ഥയാണിപ്പോൾ. ബൈക്കുകളാകട്ടെ ചെളിയിൽ പുതഞ്ഞുപോയി.

ആലുവയിൽ നിന്നും എത്തിക്കുന്ന ജലം തൃപ്പൂണിത്തുറ, പേട്ട ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത് ഈ ടാങ്കിൽ നിന്നായിരുന്നു, ടാങ്കിന്റെ ഒരു ഭാഗത്തെ പാളി തകർന്ന് വെള്ളംമുഴുവൻ ഒഴുകിപ്പോയതോടെ ഇവിടങ്ങളിലെ കുടിവെള്ള വിതരണം പൂർണമായും തടസപ്പെടുമെന്നാണ് സൂചന. ജലവിതരണം ഇനി ദിവസങ്ങളെടുത്തേ പഴയതുപോലെയാക്കാൻ കഴിയൂ.

വെള്ളപ്പാച്ചിലിൽ പ്രദേശത്തെ നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ സാധനങ്ങൾ നശിച്ചു. പിപിഇ കിറ്റടക്കം ഒഴുകിപ്പോയി. രണ്ട് മണിക്ക് ശബ്‌ദംകേട്ട് പുറത്തിറങ്ങി അപകടം മനസിലാക്കി വിവരം വാട്ടർ അതോറിറ്റിയെ അറിയിച്ചെന്നും അധികൃതർ സ്ഥലത്തെത്തി വലിയ വാൽവടച്ച് ജലമൊഴുക്ക് കുറച്ചെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. ഒഴുകിയെത്തിയ ചെളി കാരണം വീട്ടിനുള്ളിൽ അലമാരയിലിരുന്ന തുണികളടക്കം വൃത്തികേടായെന്നും വാഹനങ്ങളിലും ചെളി കയറി നിറഞ്ഞെന്നും സ്ഥലവാസികൾ വ്യക്തമാക്കുന്നു. മിക്ക വീടുകളിലും ആളുകൾക്ക് വേറെ മോട്ടോർ വരുത്തി വെള്ളം പുറത്തേക്കുകളയേണ്ടിവന്നു.