ഇനി തദ്ദേശപ്പോര്; വോട്ടെടുപ്പ് ഡിസംബർ ഒൻപതിനും പതിനൊന്നിനും, പെരുമാറ്റച്ചട്ടം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിസംബർ ഒൻപത്, പതിനൊന്ന് തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. എന്നാൽ ഇവിടെയും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം ഷാജഹാൻ അറിയിച്ചു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ പോളിംഗ്. തൃശൂർ മുതൽ കാസർകോടുവരെ രണ്ടാം ഘട്ടം. വോട്ടെണ്ണൽ ഡിസംബർ പതിമൂന്നിന് നടക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്.
ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥികൾക്ക് പരമാവധി 25000 രൂപ ചെലവഴിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ 75000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഒന്നരലക്ഷം രൂപയുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പരിധിയിൽ കൂടുതൽ ചെലവഴിച്ചാൽ അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും. ജാതി, മതം അടക്കം പറഞ്ഞുകൊണ്ടുള്ള പ്രചാരണം ഒഴിവാക്കണമെന്നതടക്കമുള്ള നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
ആകെ 23,576 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 33746 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. രണ്ട്കോടി എൺപത് ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. 2841 പ്രവാസി വോട്ടർമാരുണ്ട്. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എ ഐ ദുരുപയോഗം തടയും. വ്യാജ വാർത്തകൾ തടയും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷയൊരുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു.
ഇടത് വലത് മുന്നണികളും ബി ജെ പിയും ഇക്കുറി കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം സജീവമാക്കുന്നത്. തലസ്ഥാന നഗരസഭാ ഭരണം പിടിക്കുന്നതിന് ആദ്യം കോൺഗ്രസാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുൻ എംഎൽഎ ശബരീനാഥിനെയാണ് യു ഡി എഫ് കളത്തിലിറക്കിയത്.നഗരസഭയിലെ നഷ്ടമായ പ്രതാപം മടക്കിക്കൊണ്ടുവരാനും ഭരണം കൈപ്പിടിയിലാക്കാനുമാണ് കോൺഗ്രസ് ശ്രമം. 63 സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.
ബിജെപി ഇതിനോടകം 67 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ ഡിജിപി ആർ ശ്രീലേഖ, കായിക മേഖലയിൽ നിന്ന് പത്മിനി തോമസ്, നേതാക്കളായ വി വി രാജേഷ്, കരമന അജിത്ത് എന്നിങ്ങനെ പരിചയസമ്പന്നരായ വലിയൊരു നിരയെത്തന്നെ ബിജെപി തലസ്ഥാന നഗരിയിൽ അണിനിരത്തുന്നു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതുപക്ഷവും ശക്തരായ ജില്ലാ നേതാക്കളെ തന്നെയാകും രംഗത്തിറക്കുകയെന്നാണ് വിവരം.