തടിക്കഷ്ണങ്ങൾക്കിടയിൽ നിന്ന് ഉഗ്രശബ്ദം, കണ്ടവർ പേടിച്ചുവിറച്ചു; മുന്നിലെത്തിയത് ഏഴടിയോളം നീളമുള്ള "അതിഥി"

Monday 10 November 2025 12:43 PM IST

കൊച്ചി: രാത്രി ഡർബാർ ഹാൾ വളപ്പിലെത്തിയ പെരുമ്പാമ്പിനെ മണിക്കൂറുകൾക്കകം സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറി. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ആർട്ട് ഗാലറിയോട് ചേർന്ന ലൈബ്രറിക്ക് പിന്നിൽ പെരുമ്പാമ്പ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏഴടിയോളം നീളമുള്ള പെരുമ്പാമ്പ് ഈ ഭാഗത്ത് തടിക്കഷ്ണങ്ങളും മറ്റും കൂട്ടിയിട്ടതിന് ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു. അനക്കം കേട്ടാണ് ജീവനക്കാർ ശ്രദ്ധിച്ചത്.

സമീപമുള്ള ക്ലബ് റോഡ് അഗ്നിരക്ഷാനിലയത്തിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും പെരുമ്പാമ്പ് അനങ്ങിയില്ല. തുടർന്നാണ് പാമ്പുപിടിത്ത സംഘടനയായ സർപ്പയെ അറിയിച്ചത്. സർപ്പയുടെ സന്നദ്ധ സേവകനായ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി 11ഓടെ സ്ഥലത്തെത്തി. വെളിച്ചക്കുറവും മഴയും അവഗണിച്ച് അരമണിക്കൂറിനകം പെരുമ്പാമ്പിനെ സുരക്ഷിതമായി ചാക്കിലാക്കിയതോടെ എല്ലാവർക്കും ആശ്വാസമായി. പിന്നീട് മംഗളവനത്തിലുള്ള വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി.

എറണാകുളം നഗരത്തിന്റെ കാടുമൂടിയ ഭാഗങ്ങളിലും ചതുപ്പ് ഭാഗങ്ങളിലും പെരുമ്പാമ്പ് എത്തുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞമാസം രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ സെന്റ് തെരേസാസ് കോളേജിന് സമീപമുള്ള ജൂത സെമിത്തേരിയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. എറണാകുളം ഫൊർഷോർ റോ‌‌ഡിലെ മെട്രിക് ഹോസ്റ്റിലിന് പിന്നിലെ കൂറ്റൻ മരത്തിൽ കയറിയ പെരുമ്പാമ്പിനെ ഒരു ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞമാസം പിടികൂടിയത്.