പൂട്ടാനിരുന്ന സ്റ്റേഷനിൽ റെയിൽവെ പോലും പ്രതീക്ഷിക്കാത്ത കാര്യം സംഭവിച്ചു, പിന്നാലെ മാറ്റം
കോഴിക്കോട്: കൊവിഡിന് ശേഷം അടച്ചുപൂട്ടാൻ റെയിൽവെ നിർദ്ദേശിച്ച കോഴിക്കോട് വെള്ളയിൽ സ്‌റ്റേഷൻ ജനകീയ പ്രതിഷേധത്തെത്തുടർന്നായിരുന്നു തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴിതാ മൂന്നര വർഷത്തിന് ശേഷം ഈ സ്‌റ്റേഷനിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം ആറ് ട്രെയിനുകൾക്കാണ് സ്റ്റോപ്പുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നാല് ട്രെയിനുകൾക്ക് മാത്രമാണ് സ്‌റ്റോപ്പ്. എന്നിട്ടും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ രണ്ട് പാസഞ്ചർ ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
കൊവിഡിന് ശേഷം വെള്ളയിൽ സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവെയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അന്ന് ചോയുണ്ണി മാസ്റ്റർ റോഡ് റെസിഡൻസ് അസോസിയേഷൻ, വെള്ളയിൽ റെയിൽവെ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 2022 ഓഗസ്റ്റിൽ ട്രെയിനുകൾക്ക് വീണ്ടും സ്‌റ്റോപ്പ് അനുവദിക്കുകയായിരുന്നു. ശേഷം സ്റ്റേഷൻ പുതുക്കി നിർമ്മിച്ചു.
ആദ്യം സ്ഥിര യാത്രക്കാരുടെ എണ്ണം 100 ആണെങ്കിൽ, കഴിഞ്ഞ ആറ് മാസത്തോളമായി പ്രതിദിനം 450 മുതൽ 500നും ഇടയിലായി. ഇതോടെ കഴിഞ്ഞ മാസം മുതൽ ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. വെള്ളയിൽ നിന്ന് ഷോർണൂരേക്കും കണ്ണൂരേക്കും മാത്രം ടിക്കറ്റ് നൽകിയ സംവിധാനം മാറ്റി രാജ്യത്തെ മുഴുവൻ റെയിൽവെ സ്‌റ്റേഷനിലേക്കും ടിക്കറ്റ് നൽകുന്ന സംവിധാനം നിലവിൽ വന്നു.