തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ; നിയമനം രണ്ട് വർഷത്തേക്ക്, ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം. വെള്ളിയാഴ്‌ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനമെടുത്തത്. മുൻ മന്ത്രി കെ രാജുവിനും ദേവസ്വം ബോർഡ് അംഗമായി നിയമനം നൽകിയിട്ടുണ്ട്.
സ്വർണക്കൊള്ള വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നേരത്തേ വിലയിരുത്തിയിരുന്നു. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിംഗ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ളാൻ ചെയർമാനും ശബരിമല സ്പെഷ്യൽ ഓഫീസറുമായിരുന്നു. ടൂറിസം സെക്രട്ടറി, മലയാളം സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.