നാലുവയസുകാരനുമായി പിതാവ് ബസിന് മുന്നിൽ ചാടി; ആത്മഹത്യാശ്രമം തടഞ്ഞ് നാട്ടുകാർ
പത്തനംതിട്ട: നാലുവയസുകാരനുമായി സ്വകാര്യ ബസിന് മുന്നിൽ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. ഡ്രെെവറുടെ സമയോചിതമായ ഇടപെടലിലൂടെ അച്ഛനും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെ അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡരികിലൂടെ പിതാവ് കുട്ടിയുമായി നടക്കുന്നതും ഇതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഉടൻ ഡ്രെെവർ ബസ് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് അടിയിൽ നിന്ന് കുട്ടിയുമായി പിതാവ് പുറത്തേക്ക് വന്ന് ഓടാൻ ശ്രമിക്കുന്നു. നാട്ടുകാർ ഇടപെട്ടാണ് സമാധാനിപ്പിച്ചത്. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല. ഭാര്യയുമൊത്ത് അടൂർ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വച്ച് ഭാര്യയെ കാണാതായതിനെതുടർന്ന് പരിഭ്രമിച്ച് ഓടിയതാണെന്നാണ് ഇയാൾ പറഞ്ഞത്.