സച്ചിനും ഗിൽക്രിസ്റ്റും ഓപ്പണിംഗ്, ധോണി ഫിനിഷർ; മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇഷ്ടടീമിൽ രോഹിത് ഇല്ല

Monday 10 November 2025 5:39 PM IST

കേപ്‌ ടൗൺ: ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഏകദിന ടീമിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഇഷ്ട ടീമിനെക്കുറിച്ച് പറഞ്ഞത്. അംല തിരഞ്ഞെടുത്ത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കൊഹ്‌ലി, എം എസ് ധോണി എന്നിവരും ഇടം നേടിയിട്ടുണ്ട്.

അംലയുടെ ഏകദിന ടീമിൽ ഓപ്പണർമരായി സച്ചിനൊപ്പം മുൻ ഓസീസ് വിക്കെറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിനെയാണ് അംല തിരഞ്ഞെടുത്തത്. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറികൾ (51) നേടിയ ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയാണ് മൂന്നാം നമ്പറിൽ ഇറങ്ങുക. 20,000 റൺസിലധികം നേടിയ മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻ ബ്രയാൻ ലാറയും ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്‌സുമാണ് ടീമിലെ ടോപ് ഫൈവിലുള്ളത്.

അതേസമയം ആറാം നമ്പറിൽ തന്റെ ദീർഘകാല സഹതാരം ജാക്ക് കാലിസിനെയും, ഏഴാം നമ്പറിൽ ടീം ഇന്ത്യയുടെ ഇതിഹാസ താരം എം എസ് ധോണിയെയുമാണ് അംല ഉൾപ്പെടുത്തിയത്. ബൗളിംഗ് നിരയിൽ രണ്ട് സ്പിന്നർമാരെയും രണ്ട് പേസർമാരെയുമാണ് അംല തിരഞ്ഞെടുത്തത്. മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിവരാണ് സ്പിന്നർമാർ. പാകിസ്ഥാന്റെ വസീം അക്രവും ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്‌നുമാണ് പേസ് ബൗളർമാർ. അംല തിരഞ്ഞെടുത്ത ഇലവനിൽ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഒരേയൊരു താരം വിരാട് കൊഹ്‌ലിയാണ്. ഏകദിന ക്രിക്കറ്റിൽ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനാണ് നിലവിൽ വിരാട് കൊഹ്‌ലി.