തുടങ്ങുന്നു തദ്ദേശയുദ്ധം....

Tuesday 11 November 2025 12:00 AM IST
തദ്ദേശയുദ്ധത്തിന് കളമൊരുങ്ങി

കൊച്ചി: തദ്ദേശയുദ്ധത്തിന് കളമൊരുങ്ങി. ഇനിയുള്ള 30 ദിവസം ജില്ലയിൽ ഇടത്, വലത്, എൻ.ഡി.എ. മുന്നണികൾക്കും പ്രാദേശിക പാർട്ടികൾക്കും വിശ്രമമില്ലാത്ത കാലം. സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ അനൗദ്യോഗികമായി പ്രചാരണരംഗത്തുണ്ട്. അടുത്ത ദിവസങ്ങളിൽ പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഓരോ മുന്നണികളും പ്രഖ്യാപിക്കും. സീറ്റ് വിഭജനവും സ്ഥാനാർത്ഥി തീരുമാനവും അന്തിമഘട്ടത്തിലാണ്.

എന്നും വലത്തേയ്ക്ക് ചായ്‌വുള്ള ജില്ലയാണ് എറണാകുളം. അതിന്റെ സ്വഭാവം കാട്ടിത്തരുന്നതാണ് നിലവിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണക്കണക്ക്. ജില്ലാ പഞ്ചായത്ത് വർഷങ്ങളായി യു.ഡി.എഫിനൊപ്പം. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും അധികവും യു.ഡി.എഫിന്റെ കൈകളിൽ തന്നെ. ഇക്കുറി മേധാവിത്വം നിലനിറുത്തുകയും കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ തങ്ങൾക്കൊപ്പം ചേർക്കുകയുമാണ് യു.ഡി.എഫ് ലക്ഷ്യം. ഇതിൽ കൈവിട്ടുപോയ കൊച്ചി കോർപ്പറേഷൻ തിരിച്ചുപിടിക്കലിനാണ് പ്രഥമ പരിഗണന. സർക്കാരിന്റെ ഭരണമികവ് ഉയർത്തിക്കാട്ടി കോർപ്പറേഷൻ നിലനിർത്തുകയും യു.ഡി.എഫ് കോട്ടകൾ പൊളിച്ച് തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കുകയുമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തിൽ മാത്രമാണ് എൽ.ഡി.എഫിന് മേൽക്കൈ. അട്ടിമറിയാണ് ബി.ജെ.പിയുടെ ഉന്നം.

 കൊച്ചിയിൽ കണ്ണുംനട്ട് 74 ഡിവിഷനുകളുള്ള കൊച്ചി കോർപ്പറേഷനിൽ 34 സീറ്റ് നേടിയും ലീഗ്, കോൺഗ്രസ് വിമതരെയും ഒപ്പം നിറുത്തിയുമാണ് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. യു.ഡി.എഫിന് 31 സീറ്റും ബി.ജെ.പിക്ക് 5 സീറ്റുമായിരുന്നു. ബി.ജെ.പി. മാറിനിന്നതോടെ 69 അംഗങ്ങളിൽ ഭൂരിപക്ഷം 35 തികയ്ക്കാനായിരുന്നു നെട്ടോട്ടം. ഈ ഘട്ടത്തിൽ വിമതർ എൽ.ഡി.എഫിന് കൈകൊടുത്തു. അഡ്വ. എം. അനിൽകുമാർ മേയറായി. ഇക്കുറി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ കളംമാറ്റവും തുടങ്ങി. മുസ്ലീം ലീഗ് വിമതൻ ടി.കെ. അഷ്‌റഫ് യു.ഡി.എഫ് ചേരിയിലേക്ക് തിരികെപ്പോയി. യു.ഡി.എഫ് കൗൺസിലർ സുനിത ഡിക്‌സൺ ബി.ജെ.പിയിൽ ചേർന്നു.

എൽ.ഡി.എഫ് തന്ത്രങ്ങൾ മെനയുന്നത് വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ. യു.ഡി.എഫിനാകട്ടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ബി.ജെ.പിയുടെ ലക്ഷ്യം സീറ്റ് ഇരട്ടിയാക്കൽ. എല്ലാ ഡിവിഷനിലും ട്വന്റി20 സ്ഥാനാർത്ഥിയുണ്ടാകുമെന്ന് ട്വന്റി 20 ചീഫ് കോഓ‌‌ർഡിനേറ്റർ സാബു എം. ജേക്കബ്.

ഇക്കുറി കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനം വനിതാ സംവരണം

 ജില്ലാ പഞ്ചായത്ത് ആകെ സീറ്റ് - 26 ഭരണം - യു.ഡി.എഫ് യു.ഡി.എഫ് - 16 എൽ.ഡി.എഫ് - 7 ട്വന്റി 20 - 2 സ്വതന്ത്രൻ - 1

 ബ്ലോക്ക് പഞ്ചായത്ത് ആകെ - 14 എൽ.ഡി.എഫ് - 7 യു.ഡി.എഫ് - 6 ട്വന്റി20 - 1

 മുനിസിപ്പാലിറ്റി ആകെ - 13 യു.ഡി.എഫ് - 9 എൽ.ഡി.എഫ് - 4

പഞ്ചായത്ത് ആകെ - 82 യു.ഡി.എഫ് - 48 എൽ.ഡി.എഫ് - 30 ട്വന്റി 20 - 4