സ്‌റ്റേഡിയം പൊളിച്ച് മാറ്റാന്‍ ആലോചന? പകരം വരുന്നത് ലോകോത്തര നിലവാരമുള്ള സ്‌പോർട്സ് സിറ്റി‌

Monday 10 November 2025 6:31 PM IST

ന്യൂഡൽഹി: നെഹ്റു സ്‌റ്റേഡിയം പൊളിച്ചുമാറ്റി രാജ്യാന്തര മാതൃകയിൽ സ്‌പോർട്സ് സിറ്റ‌ി നിർമ്മിക്കുമെന്ന് കായികമന്ത്രാലയം അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ കായിക ഇനങ്ങളും അവതരിപ്പിക്കാനുള്ള വേദികൾ, കായിക താരങ്ങൾക്ക് താമസ സൗകര്യം തുടങ്ങിയവയും സ്‌പോർട് സിറ്റിയുടെ ഭാഗമായി ഒരുങ്ങും. ലോകമെമ്പാടും വിവിധ മാതൃകകളിൽ നടപ്പിലാക്കിയിട്ടുള്ള ഇത്തരം പദ്ധതികളെക്കുറിച്ച് സർക്കാർ പഠനം നടത്തുകയാണെന്ന് കായിക മന്ത്രാലയം പറയുന്നു.

"പദ്ധതിയുടെ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല. പദ്ധതി ആശയ ഘട്ടത്തിലാണ്. ദോഹയിലേത് പോലുള്ള കായിക നഗരങ്ങളെ ഞങ്ങൾ വിലയിരുത്തുകയാണ്. അതെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ, ആസൂത്രണ ഘട്ടവുമായി ഞങ്ങൾ മുന്നോട്ട് പോകും," കായിക മന്ത്രാലയം പറഞ്ഞു.

1982 ലെ ഏഷ്യൻ ഗെയിംസിനായാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിർമ്മിച്ചത്. 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിന് മുൻപ് 961 കോടി രൂപ മുടക്കിയാണ് സ്‌റ്റേഡിയം നവീകരിച്ചത്. അടുത്തിടെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നവീകരണത്തിനായി 50 കോടി രൂപ കൂടി ചെലവഴിച്ചിരുന്നു. നിലവിൽ, ഒരു വലിയ ഫുട്ബോൾ സ്റ്റേഡിയം, അത്‌ലറ്റിക്സ് ട്രാക്ക് എന്നിവയ്ക്ക് പുറമെ, സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഒരു ആർച്ചറി അക്കാദമി, ബാഡ്മിന്റൺ കോർട്ടുകൾ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി, നാഷണൽ ഡോപ്പ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവയും ഇവിടെ ഉണ്ട്.

പുതിയ സ്‌പോർട്സ് സിറ്റി ഒരുക്കുന്നതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും മാറ്റി സ്ഥാപിക്കുന്നതിനൊപ്പം പ്രധാന സ്റ്റേഡിയം പൊളിച്ചുമാറ്റുമെന്നാണ് റിപ്പോർട്ടുകൾ. കായിക പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന അത്‌ലറ്റുകൾക്ക് സ്റ്റേഡിയത്തിന് സമീപം താമസിക്കാൻ കഴിയുന്ന തരത്തിൽ റെസിഡൻഷ്യൽ കോംപ്ലക്സുകൾ നിർമ്മിക്കുമെന്നും റിപ്പോർട്ടുണ്ട്. സ്റ്രേഡിയം നിലനിൽക്കുന്ന 102 ഏക്കറിൽ കൂടുതൽ ഭാഗവും ഉപയോഗശൂന്യമാണ്. അത് കൂടി ഉപയോഗപ്രദമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

60,000 പേരെ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ വേദികളിൽ ഒന്നാണ് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം. 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിനും 2017 ലെ അണ്ടർ17 ഫിഫ ലോകകപ്പിനും ഇത് ആതിഥേയത്വം വഹിച്ചിരുന്നു. ഏറ്റവും ഒടുവിൽ, സ്റ്റേഡിയം ആദ്യത്തെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും ആതിഥേയത്വം വഹിച്ചു. ടൂർണമെന്റിന് മുന്നോടിയായി, പ്രധാന സ്റ്റേഡിയത്തിലും പരിശീലന മേഖലയിലും രണ്ട് പുതിയ മോണ്ടോ ട്രാക്കുകൾ സ്ഥാപിക്കുകയും താഴ്ഭാഗത്ത് കാണികളുടെ ഗാലറിയിൽ 10,000 പുതിയ സീറ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ, സ്റ്റേഡിയം വീൽചെയർ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പുതിയ ലിഫ്റ്റുകളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും സജ്ജീകരിച്ചിരുന്നു.

പുതിയ സ്‌പോർട്സ് സിറ്റ‌ിക്ക് ദോഹ സ്‌പോർട്‌സ് സിറ്റിയാണ് പ്രധാനമായും മാതൃകയാക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. 618 ഏക്കർ വിസ്തൃതിയുള്ള ദോഹ സ്‌പോർട്‌സ് സിറ്റി 2006 ലെ ഏഷ്യൻ ഗെയിംസിനായാണ് തയ്യാറാക്കിയത്. 2022 ലെ ഫിഫ ലോകകപ്പിനും ഇവിടെ ആതിഥേയത്വം വഹിച്ചിരുന്നു, കൂടാതെ രാജ്യത്തിന്റെ ഒളിമ്പിക് അഭിലാഷങ്ങളുടെ കേന്ദ്രബിന്ദുവാണ് ഇവിടം.