തേപ്പുകടയിൽനിന്ന് മൊബൈൽഫോൺ​ മോഷ്ടിച്ചയാൾ പിടിയിൽ

Tuesday 11 November 2025 12:29 AM IST

ആലുവ: തായിക്കാട്ടുകരയിലെ തേപ്പുകടയിൽനിന്ന് അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽഫോൺ കവർന്നയാൾ പിടിയിലായി. കളമശേരി എച്ച്.എം.ടി കോളനി പള്ളിലാംക്കരയിൽ അമലാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഒരുമാസം മുമ്പാണ് കുറ്റിപ്പുഴ സ്വദേശിനി സുനിതയുടെ ഉടമസ്ഥതയിൽ തായിക്കാട്ടുകര റെയിൽവേ ഗ്യാരേജ് കാർവാഷ് സെന്ററിന് സമീപമുള്ള തേപ്പുകടയിൽനിന്ന് ജീവനക്കാരൻ യു.പി സ്വദേശി സന്ദീപിന്റെ 20,000 രൂപയുടെ മൊബൈൽഫോൺ കവർന്നത്. സ്കൂട്ടറിലെത്തിയ പ്രതി തേപ്പുകടയുടെ മേശപ്പുറത്തിരുന്ന ഫോണുമായി മുങ്ങുകയായിരുന്നു. തുടർന്ന് ആലുവ പൊലീസിൽ പരാതി നൽകി. മോഷ്ടിച്ചെടുത്ത ഫോണും പൊലീസ് കണ്ടെത്തി.