കെണിയായി വാട്‌സ്ആപ്പ് പ്രണയം ആദ്യ കൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറുമായി മുങ്ങി കാമുകി

Tuesday 11 November 2025 12:56 AM IST

കൊച്ചി: ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് കാമുകി മുങ്ങി. കൊച്ചിയിലെ പ്രമുഖ മാളിൽ വെള്ളിയാഴ്ചയാണ് സംഭവം. യുവാവിന്റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ യമഹ ഫസീനോ സ്‌കൂട്ടറാണ് നഷ്ടമായത്.

വാട്‌സ്ആപ്പിൽ തെറ്റിവന്ന ഒരു മെസേജാണ് കെണിയായത്. എറണാകുളത്തെ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. കഴിഞ്ഞമാസം ആദ്യമാണ് യുവതിയുടെ മെസേജ് എത്തിയത്. മുൻപരിചയമുള്ളയാൾക്ക് അയക്കും വിധമായിരുന്നു സന്ദേശം. നമ്പർ തെറ്റിയതാണെന്ന് പറഞ്ഞ യുവതി പിന്നീട് ചാറ്റിംഗ് തുടങ്ങി. ഇത് പ്രണയത്തിലേക്ക് വഴിമാറ്റി. ഫോട്ടോ ഇവർ കൈമാറിയിരുന്നില്ല. യഥാർത്ഥ പ്രണയമെന്ന് യുവാവും വിശ്വസിച്ചു.

ഒരു മാസത്തിലധികം ചാറ്റിംഗ് നീണ്ടു. മാളിലേക്ക് ക്ഷണം വന്നു. യുവാവ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. തന്നേക്കാൾ മുതിർന്ന സ്ത്രീയാണെന്ന് യുവാവ് തിരിച്ചറിഞ്ഞു. പന്തികേടു മണത്തെങ്കിലും ഒരേ പ്രായമെന്ന് യുവതി പറഞ്ഞ് വിശ്വസിപ്പിച്ചു. ഫുഡ്‌കോർട്ടിലേക്ക് കൊണ്ടുപോയി യുവാവിന്റെ ചെലവിൽ ബിരിയാണിയും ജ്യൂസും വാങ്ങി കഴിച്ചു. ശേഷം സ്‌കൂട്ടറിന്റെ കീയും മറ്റും വാങ്ങിയെടുത്ത് യുവാവിനോട് കൈകഴുകിയിട്ട് വരാൻ ആവശ്യപ്പെട്ടു. ഈ തക്കത്തിന് യുവതി സ്കൂട്ടറുമായി സ്ഥലംവിടുകയായിരുന്നു. തിരികെ എത്തിയപ്പോൾ കാമുകിയെ കാണാതായതോടെ കാമുകൻ ഞെട്ടി. മാൾ അരിച്ചുപെറുക്കിയെങ്കിലും പൊടിപൊലും കണ്ടെത്താനായില്ല.

ബസിൽ കയറി വീട്ടിലെത്തിയ യുവാവ് നടന്ന സംഭവം സഹോദരിയോട് പറഞ്ഞു. ഇവരുടെ നിർദ്ദേശപ്രകാരം പിറ്റേന്ന് പരാതി നൽകുകയായിരുന്നു. യുവതിയുടെ ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. സ്‌കൂട്ടറുമായി പോകുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് വാങ്ങിയതാണ് സ്കൂട്ടർ.