45 വർഷത്തിലേറെ പഴക്കം; ആശങ്കയൊഴിയാതെ...

Tuesday 11 November 2025 1:15 AM IST

കൊച്ചി: തമ്മത്ത് പൊട്ടിത്തകർന്നത് 45 വർഷത്തിലേറെ പഴക്കമുള്ള ജലവിതരണ ടാങ്കിന്റെ ഒരു ഭാഗമാണ്. ആലുവയിൽ നിന്നും മരടിൽ നിന്നുമെല്ലാം വലിയ പ്രഷറിൽ വെള്ളം എത്തിക്കുന്ന ഈ ടാങ്കിന്റെ ചുറ്റിനും പലയിടങ്ങളിലായി വിള്ളലുകളുണ്ട്. കൃത്യമായ പരിശോധനകളോ വിലയിരുത്തലുകളോ അറ്റകുറ്റപ്പണികളോ നടത്താത്തതാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

മുൻപ് പലവട്ടം ടാങ്കിൽ നിന്ന് ഓവർ ഫ്‌ളോയുണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം അധികൃതരുടെ ശ്രദ്ധയിൽ ടാങ്കിന്റെ പ്രശ്‌നങ്ങൾ പറഞ്ഞിരുന്നുവെന്നും സമീപവാസിയായ കെ.എ. ലെനിൻ പറഞ്ഞു. ഓവർഫ്‌ളോ വരുന്ന വെള്ളം പുഞ്ചത്തോട്ടിലേക്ക് ഒഴുക്കാൻ കാന നിർമ്മിക്കണമെന്ന ആവശ്യത്തിനും കാലപ്പഴമേറെയുണ്ടെങ്കിലും അതും നടന്നിട്ടില്ല.

ടാങ്കിന്റെ രണ്ട് കമ്പാർട്ട്‌മെന്റുകളിൽ ഒന്നാണ് അടർന്നു മാറിയത്. രണ്ടാമത്തെ കമ്പാർട്ട്മെന്റിൽ 60 ലക്ഷം ലിറ്ററിനടുത്ത് വെള്ളമുണ്ട്. രണ്ട് കമ്പാർട്‌മെന്റുകളെയും വേർതിരിക്കുന്ന ഭിത്തിയാണ് ഇനി ഭീതി. രണ്ട് അറകളിലും വെള്ളം ഉണ്ടായിരുന്നപ്പോൾ ഈ ഭിത്തി സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നില്ല. ഇനി ഈ ഭിത്തി ബലപ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി തന്നെ പറഞ്ഞു. മണൽ ചാക്കുകൾ അടുക്കിയാണ് ബലപ്പെടുത്തലെന്നാണ് വിവരം. ഇത് എത്രത്തോളം സുരക്ഷിതമെന്ന് ആർക്കുമറിയില്ല എന്നതാണ് വസ്തുത.